കൊച്ചി: മോഹന്‍ബഗാന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഹൊസെബ ബയ്റ്റിയ ബ്ലാസ്റ്റേഴ്സിലേക്ക്. ബഗാനില്‍ കോച്ച് വിക്കുനയുടെ തന്ത്രങ്ങളിലെ പ്രധാനിയായിരുന്നു ബയറ്റിയ. വിക്കുനയ്ക്കൊപ്പം ബയ്റ്റിയ, ഫ്രാന് ഗോണ്‍സാലസ്, ബാബ ദിയവാറ എന്നിവരാണ് കൊല്‍ക്കത്ത ക്ലബില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് കരുതപ്പെടുന്നത്.
ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബയ്റ്റിയ ബഗാന് വിടുന്നതായി വ്യക്തമാക്കിയത്. ‘മോഹന്ബഗാന് കുടുംബത്തോട് വിട പറയാന്‍ നേരമായിരിക്കുന്നു. വിസ്മയപ്പെടുത്തുന്ന ഈ മനുഷ്യരോട്, സഹതാരങ്ങളോട്, കോച്ചിങ് സ്റ്റാഫുകളോട്, ആരാധകരോട് ബൈ പറയുന്നത് വിഷമകരമാണ്. ഈ ആരാധകരെ ഞാന്‍ ഒരിക്കലും മറക്കില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ആരാധകരാണിവര്‍. ഹൃദയത്തില്‍ നിന്ന് എല്ലാവര്ക്കും നന്ദി. അടുത്ത വര്‍ഷം ജീവിതത്തിന്റെ പുതിയൊരു ഘട്ടം ആരംഭിക്കുകയാണ്’ – എന്നിങ്ങനെയാണ് ബെയ്റ്റിയയുടെ പോസ്റ്റ്. എന്നാല്‍ ഏതു ക്ലബിലേക്കാണ് കൂടുമാറുക എന്ന് പോസ്റ്റില്‍ പറയുന്നില്ല.
റയല്‍ സോസീഡാഡിന്റെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന 29കാരന് റയല്‍ സോസീഡാഡിന്റെ ബി ടീമിന് വേണ്ടി 92 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. പിന്നീസ് മറ്റൊരു സ്പാനിഷ് ക്ലബ് സരിനേനയിലേക്കും പിന്നീട് സൊമോസാസിലേക്കും കൂടുമാറി. 2019ല്‍ മോഹന്‍ബഗാനില്‍ എത്തുന്നതിന് മുമ്പ് ഇറന് ആസ്ഥാനമായ റിയല്‍ യൂണിയന് ക്ലബിലായിരുന്നു. ബഗാനു വേണ്ടി 16 മത്സരങ്ങള്‍ കളിച്ചു. നാലു ഗോളും നേടി.
കഴിഞ്ഞ സീസണില്‍ ശരാശരി മാത്രമായ ബ്ലാസ്റ്റേഴ്സിന്റെ ക്രിയേറ്റീവ് മിഡ്ഫീല്‍ഡിലേക്ക് ഇനി ആരെല്ലാം വരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബെയ്റ്റിയയുടെ റോള്‍. കഴിഞ്ഞ സീസണില്‍ താരത്തിന്റെ പ്രകടനം ഇങ്ങനെയാണ്. കളിച്ചത് 17 മത്സരങ്ങള്‍, നാലു ഗോളുകള്‍, പത്ത് അസിസ്റ്റുകള്‍, 13 ഷോട്ട് ഓണ്‍ ടാര്‍ഗറ്റ്, ക്രിയേറ്റ് ചെയ്ത ചാന്സുകള് 19. 1098 പാസുകള്‍, കീ പാസ് 60, പാസസ് സകസ്സ് 82%. ബാള്‍ റിക്കവറി 50.
ഒരു മിഡ്ഫീല്ഡറുടെ ശരാശരിക്കും മുകളിലുള്ള പെര്‍ഫോമന്‍സാണിത്. ഷെട്ടോരിയുടെ പോലെ തന്നെ പൊസഷന്‍ ഫുട്ബോളിന്റെ വക്താവാണ് വിക്കുനയും. അതു കൊണ്ടു തന്നെ ബഗാനു വേണ്ടി ഡീപര്‍ റോളുകളിലും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും തിളങ്ങിയ ബെയ്റ്റിയ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചേക്കും.