ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ട് നാസ

ലെബലനിലെ ബെയ്‌റൂട്ടില്‍ ഓഗസ്റ്റ് നാലിനുണ്ടായ വന്‍ സ്‌ഫോടനത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ. സ്‌ഫോടനത്തില്‍ 170 ഓളം പേര്‍ മരിക്കുകയും 3000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിംഗപ്പുരിലെ എര്‍ത്ത് ഒബ്‌സര്‍വേറ്ററിയുമായി സഹകരിച്ച് നാസയുടെ അഡ്വാന്‍സ്ഡ് റാപ്പിഡ് ഇമേജിംഗ് ആന്‍ഡ് അനാലിസിസ് (ARIA) ടീം ശേഖരിച്ച സാറ്റലൈറ്റ്ഡിറൈവ്ഡ് അപ്പര്‍ച്ചര്‍ റഡാര്‍ ഡാറ്റയാണ് മാപ്പ് നിര്‍മിക്കാന്‍ ഉപയോഗിച്ചത്.

ഈ മാപ്പിലൂടെ ഏറ്റവും കൂടുതല്‍ ആഘാതമേറ്റ സ്ഥലങ്ങള്‍ മനസിലാക്കാനും ജനങ്ങള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും സാധിക്കും. നഗരത്തിലെ തുറമുഖത്തോട് ചേര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. 150 ല്‍ കൂടുതല്‍ പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. നാസ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഭൂപടത്തില്‍ ചുവപ്പ് നിറം കാണുന്ന ഇടങ്ങളെല്ലാം തുറമുഖത്തോട് ചേര്‍ന്നുള്ളതും ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടായ ഇടവുമാണ്. ഓറഞ്ച് നിറത്തില്‍ കാണിച്ചിരിക്കുന്ന ഇടങ്ങള്‍ ആഘാതം താരതമ്യേന കുറഞ്ഞ ഇടങ്ങളാണ്. മഞ്ഞ നിറത്തിലുള്ള ഇടങ്ങളില്‍ ആഘാതം കുറവാണ്.

SHARE