ബെയ്‌റൂത്ത് സ്‌ഫോടനം; ലബനന് ശൈഖ ഫാത്തിമയുടെ സഹായഹസ്തം- ഒരു കോടി ദിര്‍ഹം സംഭാവന ചെയ്യും

ദുബായ്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ ഒരു കോടി ദിര്‍ഹം (ഏകദേശം 20.40 കോടി രൂപ) സംഭാവന ചെയ്ത് യു.എ.ഇ ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണ്‍ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്. ഇരകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായാണ് എമിറേറ്റ്‌സ് റെഡ്ക്രസന്റ് ഓണററി പ്രസിഡണ്ട് കൂടിയായ ഇവര്‍ പണം കൈമാറിയത്.

‘ലോകത്തുടനീളം ദുരന്തത്തിലും പ്രതസന്ധിയിലും അകപ്പെട്ട ഇരകളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ശൈഖ ഫാത്തിമ ഫണ്ട് കൈമാറുന്നത്. വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ലബനന്‍ ജനതയോട് അവര്‍ ഐക്യദാര്‍ഢ്യപ്പെടുന്നു’ – ഫണ്ട് പ്രഖ്യാപനം നടത്തവെ റെഡ്ക്രസന്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കി.

ലബനനെ നടുക്കിയ സ്‌ഫോടനത്തില്‍ 135 പേരാണ് കൊല്ലപ്പെട്ടത്. അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ, മേഖലയിലേക്ക് യു.എ.ഇ അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ചിരുന്നു. 30 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് യു.എ.ഇ ആകാശമാര്‍ഗം ലബനാനിലെത്തിച്ചത്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹായം. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായമെത്തിക്കുമെന്ന് അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷ്മി പറഞ്ഞു.