ഫോട്ടോഷൂട്ടിനിടെ നവവധു ജീവനും കൊണ്ടോടി; വൈറലായി ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ ഭീകരത തെളിയിക്കുന്ന ദൃശ്യങ്ങള്‍

ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിനെ പിടിച്ച് കുലുക്കിയ ഉഗ്രസ്‌ഫോടനം മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നഗരവാസികള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന്, വ്യത്യസ്ത സാഹചര്യങ്ങളില്‍ പകര്‍ത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതില്‍ വൈറലായ വീഡിയോ ഒരു വധുവിന്റേതാണ്. വിവാഹ ഫോട്ടോ ഷൂട്ടിനിടെ സ്‌ഫോടന ശബ്ദം കേട്ട് വധു ഓടുന്ന ദൃശ്യമാണ് വൈറലായ വീഡിയോയിലുള്ളത്.

അതിസുന്ദരിയായി തൂവെള്ള നിറത്തില്‍ നീണ്ട ഗൗണ്‍ അണിഞ്ഞ് കയ്യില്‍ പൂക്കളും പിടിച്ച് വധു, ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടാകുന്നത്. ഫോട്ടോ ഷൂട്ട് നടന്ന നിന്ന സ്ഥലത്തു നിന്നും വളരെ അകലെയാണ് സ്‌ഫോടനം നടന്നതെങ്കിലും പ്രകമ്പനത്തില്‍ കെട്ടിടം മുഴുവന്‍ കുലുങ്ങുന്നുണ്ട്. ഇതോടെ ഭയചകിതരായ ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വധുവിന്റെ കൈപിടിച്ചു കൊണ്ട് ആരോ രക്ഷപ്പെടുത്താനായി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. വെളുത്ത ഗൗണ്‍ ധരിച്ച യുവതി ജീവന്‍ രക്ഷപ്പെടുത്തുന്നതിനായി ഓടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

ഇന്നലെ വൈകിട്ടോടുകൂടിയായിരുന്നു ബെയ്‌റൂത്തിനെ പിടിച്ചു കുലുക്കിയ സ്‌ഫോടനം. തുറമുഖത്തിനടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്‌ഫോടനം. തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്‌ഫോടനവും ഉണ്ടായി. നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനന്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

SHARE