2014 മെയ്ക്ക് മുമ്പ് നാല് പൊതുകാര്യ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരുന്നെന്ന് രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: 2014 മെയ് മാസത്തിന് മുമ്പ് രാജ്യത്തെ നാല് പൊതുകാര്യ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോളവ ഭീഷണിയിലാണെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഡല്‍ഹി കലാപത്തില്‍ ഹൈക്കോടി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനും കേസിലെ പുതിയ വിധിക്കും പിന്നാലെയായിരുന്നു ഗുഹയുടെ ട്വീറ്റ്.

സായുധ സേവനങ്ങള്‍, ആര്‍ബിഐ, ഇന്‍കം ടാക്‌സ്, സുപ്രീം കോടതി 2014 മെയ് മാസത്തിന് മുമ്പ് ഈ നാല് പൊതുകാര്യ സ്ഥാപനങ്ങള്‍ മിതമായ സ്വയംഭരത്തിലും സ്വതന്ത്രവുമായിരുന്നു: ഇപ്പോള്‍ എതെല്ലാം കേന്ദ്ര ഭരണകൂടത്തിന്റെ വിവിധ തലങ്ങളിലുള്ള ഭീഷണിപ്പെടുത്തലിനും പിടിപാടുകള്‍ക്കും വിധേയമാണ്, ട്വീറ്റ് രാമചന്ദ്ര ഗുഹ വ്യക്തമാക്കി.

ഡല്‍ഹിയില്‍ മുസ് ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെയാണ് അര്‍ധരാത്രി സ്ഥലം മാറ്റിയത്‌. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് അടിയന്തര സ്ഥലംമാറ്റം.

ജസ്റ്റിസ് എസ്. മുരളീധര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലവില്‍ സീനിയോരിറ്റിയില്‍ രണ്ടാമനാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ വിരമിക്കുമ്പോള്‍ അദ്ദേഹമാണു ചീഫ് ജസ്റ്റിസ് ആകേണ്ടത്. സാധാരണ സ്ഥലമാറ്റ ഉത്തരവില്‍ ജോലിക്കു ചേരാനുള്ള സമയം വ്യക്തമാക്കാറുള്ളതാണ്. ഇന്നലെ അര്‍ധ രാത്രിയിറങ്ങിയ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പക്ഷേ, ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് ഇന്നു ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് മുരളീധര്‍ ഹൈക്കോടതിയിലുണ്ടാവില്ല. മുരളീധറിനെ സ്ഥലം മാറ്റാനുള്ള കൊളീജിയം ശുപാര്‍ശ സംബന്ധിച്ച വിവരം കഴിഞ്ഞദിവസം പുറത്തുവന്നപ്പോള്‍ തന്നെ വിവാദമായിരുന്നു. ഡല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതാണ്.

അതേസമയം, മുരളീധറിനെ മാറ്റിയതിന് പിന്നാലെ ഇന്ന് വാദം കേട്ട കോടതി ഡല്‍ഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കേസില്‍ വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി. ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന നിലയിലാണ് ഡല്‍ഹി ഹൈക്കോടതി. കേസ് ഏപ്രില്‍ 13 ന് വീണ്ടും വാദം കേള്‍ക്കും. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഡല്‍ഹി പൊലീസിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഇന്നലെ കേസെടുക്കാനായിരുന്നു ജസ്റ്റിസ് മുരളീധര്‍ ആവശ്യപ്പെട്ടിരുന്നത്.