ബീഫ് ഫെസ്റ്റിനെതിരെ പ്രതിഷേധം ക്യാമറയില്‍ പകര്‍ത്തിയില്ല; വിദ്യാര്‍ത്ഥിക്ക് ഗോരക്ഷകരുടെ കുത്തേറ്റു

ഛാണ്ഡിഗഡ്: കേരളത്തില്‍ നടന്ന ബീഫ് ഫെസ്റ്റിവലിനെതിരെ ന്യൂഡല്‍ഹിയില്‍ ഗോ സംരക്ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. മാധ്യമപ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വിദ്യാര്‍ത്ഥിയായ ഗോഹാന സ്വദേശി ശിവാമിനു നേരെ ആക്രമണമുണ്ടായത്. ഗോ രക്ഷക് സേവാദല്‍ എന്ന ഗോ സംരക്ഷണ സേനയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം ക്യാമറയില്‍ പകര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സുഹൃത്തായ മാധ്യമപ്രവര്‍ത്തകനൊപ്പമാണ് ശിവാം പ്രതിഷേധം കാണാനെത്തിയത്. ക്യാമറ കൈയില്‍ കരുതിയിരുന്ന ശിവാമിനോട് മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കാനുള്ള പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗോരക്ഷകര്‍ ആവശ്യപ്പെട്ടു. ഇതിന് ശിവാം വിസ്സമ്മതിച്ചതോടെ ഗോരക്ഷാ സംഘത്തിലെ മോഹിതുമായി വാക്കേറ്റമുണ്ടായി. കണ്ടു നിന്നവര്‍ ഇരുവരെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തര്‍ക്കം മൂര്‍ച്ഛിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി ശിവാം സംഭവത്തെക്കുറിച്ച് പരാതി നല്‍കി. പൊലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിക്കുന്നതിനിടെ മോഹിത് ശിവാമിനെ കുത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായ മോഹിത്തിനെ ഡല്‍ഹി അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

SHARE