‘എക്‌സിറ്റ് പോളുകളില്‍ തളരരുത്’; ജാഗ്രതാ സന്ദേശവുമായി പ്രിയങ്ക ഗാന്ധി

മോദി ഭരണം തിരിച്ചുവരുമെന്ന് എക്‌സിറ്റ് പോളില്‍ ആത്മവിശ്വാസം നഷ്ടപെടരുത് എന്ന സന്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്സിറ്റ് പോളുകളില്‍ തളരരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഈ എക്‌സിറ്റ് പോള്‍ കണ്ട എല്ലാവരും തന്നെ ഞെട്ടലിലും മനസികമായും സങ്കടത്തിലുമായില്ലേ. അത് തന്നെയായിരുന്നു അവരുടെ ഉദ്ദേശവും. എതിരാളികളുടെ ദൗത്യം വിജയിച്ചിരിക്കുകയാണെന്ന് നമ്മള്‍ മനസിലാക്കണം. എക്സിറ്റ്പോള്‍ ഫലങ്ങളില്‍ തളരരുതെന്നും അധ്വാനം ഫലം കാണുമെന്നും, ജാഗ്രത കൈവിടരുതെന്നും പ്രവര്‍ത്തകര്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.

വോട്ട് എണ്ണാന്‍ പോവുന്ന നമ്മുടെ പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തിയും അലസരാക്കിയും കൃത്രിമം കാണിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് അവര്‍. അതിനാല്‍ നമ്മുടെ ഓരോ കൗണ്‍ട്ടിംഗ് ഏജന്റിന്റെയും ശ്രദ്ധ വോട്ടിംഗ് മെഷീന്‍ മാത്രമായിരിക്കണം. എണ്ണി കഴിയുന്നവരെ മറ്റൊന്നും ആലോജിച്ച് അലസരും നിരാശരും ആവരുത്. അതോടൊപ്പം വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്കുള്ള സുരക്ഷ തുടരണണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രതികൂലമായതിലുള്ള പ്രവര്‍ത്തകരിലെ ആശങ്കയ്ക്കാണ് പ്രിയങ്ക ആത്മവിശ്വാസം പകര്‍ന്നത്. തന്റെ സന്ദേശം നമ്മുടെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരിലേക്കും എത്തിക്കണമെന്നും നേതൃത്വത്തെ അനുസരിച്ചാവണം മുന്നോട്ടുപോക്കെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

300ല്‍ അധികം സീറ്റുകള്‍ നേടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയില്‍ നടക്കുന്നത്.