ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് ബി.സി.സി.ഐ. നിലവിലെ സാഹചര്യത്തില്‍ അനിശ്ചിതകാലത്തേക്കാണ് ബി.സി.സി.ഐ ഐ.പി.എല്‍ റദ്ദാക്കിയിരിക്കുന്നത്.എന്നാല്‍ ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ മൈതാനങ്ങള്‍ തുറക്കുന്നതിനുള്പ്പടെയുള്ള അനുമതി ലഭിച്ചതോടെ വൈകാതെ തന്നെ കായികലോകം പഴയനിലയ്ക്ക് എത്തുമെന്നും ഐ.പി.എല്‍ നടക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമായിരുന്നു. ഇതിനായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കും എന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരും നിര്ദേശമുണ്ടാകുകയില്ലെന്ന് ട്രഷറര്‍ അരുണ്‍ ദുമാല്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഐ.സി.സിയാണ് ലോകകപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നയവും പ്രധാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ലീഗ് നടക്കാതിരുന്നാല്‍ അത് നടത്തിപ്പുകാര്‍ക്കും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ഐപിഎല്‍ നടക്കാതെ വന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുക എന്നാണ് കണക്കുകള്‍.