രാഹുലിനും പാണ്ഡ്യക്കും ആശ്വാസമായി ബി.സി.സി.ഐ നിലപാട്

മുംബൈ: ടെലിവിഷന്‍ പരിപാടിയിലെ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പിന്തുണയുമായി ബി.സി.സി.ഐ ആക്ടിങ് പ്രസിഡണ്ട് സി.കെ ഖന്ന. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരുവര്‍ക്കും ദേശീയ ടീമില്‍ കളിക്കാന്‍ അവസരം നല്‍കണമെന്നും ന്യൂസിലാന്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സി.കെ ഖന്ന ‘കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സി’ന് (സി.ഒ.എ) കത്തയച്ചു.

Let @hardikpandya7 , @klrahul11 play till the court order.https://t.co/llenCM4waK— The Statesman (@TheStatesmanLtd) January 20, 2019

‘കോഫി വിത്ത് കരണ്‍’ എന്ന ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പരാമര്‍ശം നടത്തിയതിനാണ് പാണ്ഡ്യക്കും രാഹുലിനുമെതിരെ ബി.സി.സി.ഐ നടപടിയെടുത്തത്. ഇതിനെതിരെ ഇരുവരും കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിക്കുന്നത് നീട്ടിവെക്കുകയായിരുന്നു.

‘അവര്‍ ഒരു തെറ്റു ചെയ്തു. അവരെ ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഉപാധികളില്ലാത്ത മാപ്പപേക്ഷ അവര്‍ നടത്തിയിട്ടുണ്ട്. അവരുടെ കരിയര്‍ നമ്മള്‍ തുലാസിലാക്കരുത്…’ സി.ഒ.എക്കയച്ച ഇമെയിലില്‍ ഖന്ന പറയുന്നു.

ജനുവരി ആറിനാണ് പാണ്ഡ്യയും രാഹുലും പങ്കെടുത്ത പരിപാടി ടി.വി ചാനല്‍ സംപ്രേഷണം ചെയ്തത്. ഇരുവരുടെയും അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായതോടെ അപരമദ്യാദ, അച്ചടക്ക ലംഘനം എന്നിവക്ക് നടപടിയെടുക്കാന്‍ സി.ഒ.എ ബി.സി.സി.ഐയോട് നിര്‍ദേശിക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായെങ്കിലും ന്യൂസിലാന്റ് ടൂറിനുള്ള ടീമില്‍ ഇടംലഭിക്കുന്നതിനു വേണ്ടിയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ബി.സി.സി.ഐയുമായി ബന്ധപ്പെട്ട മറ്റു നിരവധി വിഷയങ്ങള്‍ പരിഗണിക്കാനുണ്ടെന്നും ഒരു പുതിയ അമിക്കസ്‌ക്യൂറിയെ നിമയിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടര്‍നടപടിക്കുള്ളൂവെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, അമിക്കസ്‌ക്യൂറി നിയമനം വൈകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് കളിക്കാര്‍ക്കു വേണ്ടി ബി.സി.സി.ഐ ആക്ടിങ് പ്രസിഡണ്ട് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഖന്നയുടെ കത്തിന് സി.ഒ.എ മറുപടി നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.