ലണ്ടന്‍: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ രീതിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. കോവിഡിന്റെ നിര്‍ണായക ഘട്ടത്തില്‍ അതിനെ ഫലപ്രദമായി നേരിടുന്നതില്‍ കേരളം പരാജയപ്പെടുകയാണ് എന്നും കേരളത്തിന്റെ ആഘോഷങ്ങള്‍ അനവസരത്തിലുള്ളതായിരുന്നു എന്നും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു. നേരത്തെ, കോവിഡ് പ്രതിരോധത്തെ കുറിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അഭിമുഖം ലൈവില്‍ നല്‍കിയ മാദ്ധ്യമമാണ് ബി.ബി.സി.
ഇന്ത്യ കൊറോണവൈറസ്: ഹൗ കേരളാസ് കോവിഡ് ‘സക്‌സസ് സ്‌റ്റോറി’ കെയിം അണ്‍ഡണ്‍ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സക്‌സസ് സറ്റോറി ഇന്‍വര്‍ട്ടഡ് കോമയില്‍ നല്‍കി എന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം പൂന്തുറയിലെ കോവിഡ് സാഹചര്യങ്ങളെ കുറിച്ച് പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. വാഷിങ്ടണിലെ പകര്‍ച്ച വ്യാധി സ്‌പെഷ്യലിസ്റ്റായ ഡോ. ലാല്‍ സദാശിവന്റെ കേരളത്തെ കുറിച്ചുള്ള നിരീക്ഷണവും നല്‍കിയിട്ടുണ്ട്. ‘കേരളത്തിലെ യഥാര്‍ത്ഥ തരംഗം ഇപ്പോഴാണ് സംഭവിക്കുന്നത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞു കിടന്ന വേളയില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായിരുന്നു’ എന്നാണ് ലാല്‍ സദാശിവന്‍ പറയുന്നത്.
അതിവേഗത്തിലാണ് കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരിയില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയിലായിരുന്നു കോവിഡ്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കാലയളവില്‍ സീറോ കേസുകള്‍ വരെ കേരളത്തില്‍ ഉണ്ടായി. അക്കാലത്ത് കേരളം നടത്തിയ ആഘോഷങ്ങള്‍ അനവസരത്തിലുള്ളതായിരുന്നു. കേരളത്തില്‍ ആദ്യ ആയിരം കേസുകളെത്തിയത് 110 ദിവസങ്ങള്‍ക്ക് ശേഷമാണ്. ജൂലൈ മദ്ധ്യത്തില്‍ ഒരു ദിവസത്തില്‍ തന്നെ കേസുകള്‍ 800 കടന്നു. ജൂലൈയില്‍ കേരളത്തിലെ മൊത്തം കേസുകള്‍ 12,000 കടന്നു. 43 മരണങ്ങളുമുണ്ടായി. 1,70,000 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റൈനില്‍ കഴിയുന്നത്- ബി.ബി.സി പറയുന്നു.
ഗള്‍ഫില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ചു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. ഇതാണ് കേസുകള്‍ വര്‍ദ്ധിച്ചതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴായിരത്തില്‍ ചില്വാനം കേസുകള്‍ക്ക് മാത്രമേ യാത്രയുമായി ബന്ധമുള്ളൂ. സംസ്ഥാനത്ത് ഉറവിടമില്ലാത്ത കേസുകളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച മാത്രം ഇത്തരത്തില്‍ 43 കേസുകളാണ് ഉണ്ടായത്- ലേഖനം പറയുന്നു.
കോവിഡ് പരിശോധന നടത്തുന്നതില്‍ കേരളം കാണിക്കുന്ന മെല്ലെപ്പോക്കും ലേഖനം എടുത്തു പറയുന്നു. ഒരു ദിവസത്തില്‍ ഏകദേശം ഒമ്പതിനായിരം സാമ്പിളുകളാണ് പരിശോധിക്കുന്നത്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി എന്നിവയ്ക്കും പിന്നിലാണ് ഇക്കാര്യത്തില്‍ കേരളം. ഈ ടെസ്റ്റുകളിലെല്ലാം എത്ര കേസുകള്‍ കണ്ടു പിടിച്ചു എന്നതിലും വ്യക്തതയില്ല. പരിശോധനാ നമ്പറുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അസുഖത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇതില്‍ നിന്നു ലഭ്യമല്ല- ലേഖനം കുറ്റപ്പെടുത്തുന്നു.
കോവിഡ് മരണനിരക്കില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം താരതമ്യേന മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് ലേഖനത്തിലുണ്ട്. മരണം ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇത് പൊതുആരോഗ്യ സംവിധാനത്തിന്റെ മേന്മയാണ് എന്നും പറയുന്നുണ്ട് ലേഖനം.