ചരിത്രത്തില്‍ ആദ്യമായി മുസ്‌ലിം പ്രാര്‍ത്ഥനകള്‍ പ്രക്ഷേപണം ചെയ്യാന്‍ ബി.ബി.സി റേഡിയോ

ലണ്ടന്‍: യു.കെയിലെ മുസ്‌ലിംകള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ഇനി വെള്ളിയാഴ്ചയിലെ മുസ്‌ലിം പ്രാര്‍ത്ഥനകള്‍ ബി.ബി.സി റേഡിയോ വഴി കേള്‍ക്കാം. വിവിധ ഇമാമുകളാണ് ഓരോ ആഴ്ചയിലും പ്രതിവാര പരിപാടിയില്‍ ഉണ്ടാകുക. ബി.ബി.സിയുടെ പ്രാദേശിക റേഡിയോ സ്‌റ്റേഷനുകള്‍ വഴി പ്രാര്‍ത്ഥന കേള്‍ക്കാനാകും.

ലീഡ്‌സ്, ഷെഫീല്‍ഡ്, ലാന്‍ഷയര്‍, മാഞ്ചസ്റ്റര്‍, ദ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ലെസ്റ്റര്‍, സ്‌റ്റോക്, ഡെര്‍ബി, നോട്ടിങ്ഹാം, കോവന്റ്രി, വാര്‍വിക്‌ഷെയര്‍, ദ ത്രീ കണ്ട്രീസ്, മെഴ്‌സിസൈഡ്, ബെര്‍ക്‌ഷെയര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ എല്ലാം പരിപാടി ലഭ്യമാകും.

‘സമുദായങ്ങളെ ബന്ധിപ്പിക്കാനാണ് പ്രാദേശിക റേഡിയോകള്‍. സാമൂഹിക അകലം പാലിക്കുന്ന കാലത്ത് മുസ്‌ലിംകളെ ഒരു സമുദായം എന്ന നിലയില്‍ ഒരുമിപ്പിക്കാന്‍ ഈ പ്രതിവാര പ്രതിസദ്ധ്വനി കൊണ്ടാകും എന്നാണ് പ്രതീക്ഷ’ – തീരുമാനത്തെ കുറിച്ച് ബി.ബി.സി ലോക്കല്‍ റേഡിയോ തലവന്‍ ക്രിസ് ബേണ്‍സ് പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 23 മുതല്‍ ബ്രിട്ടനിലെ എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. നിലവില്‍ ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ ആരാധനകള്‍ റേഡിയോ സംപ്രേഷണം ചെയ്യുന്നുണ്ട്.

കഴിഞ്ഞയാഴ്ച മുതലാണ് വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ പ്രക്ഷേപണം ആരംഭിച്ചത്. പള്ളികള്‍ നിസ്‌കാരത്തിനായി തുറന്നു കൊടുക്കുന്നത് വരെ ഇതു തുടരും. ഹിന്ദു, ജൂത സമുദായങ്ങളുടെ ആരാധനകളും പ്രക്ഷേപണം ചെയ്യാന്‍ റേഡിയോ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച എസിബത്ത് രാജ്ഞി നടത്തിയ അസാധാരണ ടി.വി അഭിസംബോധനത്തില്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ വിശ്വാസികളുടെയും ശ്രമങ്ങളെ പ്രശംസിച്ചിരുന്നു.