വയനാട്: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അധ്യാപകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹെഡ്മാസ്റ്റര്‍ കെ.കെ.മോഹനന്‍, അധ്യാപകനായ ഷജില്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
പാമ്പുകടിയേറ്റ ഷഹ്‌ലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പുവരുത്തുന്നതില്‍ ഇവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്നായിരുന്നു പ്രാഥമികമായ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75ാം വകുപ്പ് പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷെഹ്‌ലയുടെ മരണത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.