അമേരിക്കാ, കാത്തിരുന്നോളൂ…!!

ബശീർ ഫൈസി ദേശമംഗലം

ഒരു പ്രഭാതത്തിന്റെ പ്രവചനം പോലെ ബറാക് ഒബാമ ഒരു നവംബർ 5 നു ഷിക്കാഗോവിലെ ഗ്രാൻഡ് പാർക്കിൽ “അമേരിക്കയിൽ മാറ്റം എത്തിയിരിക്കുന്നു”
എന്നു തന്റെ വിജയത്തെ വിശേഷിപ്പിച്ചപ്പോൾ വംശ വെറിയുടെയും അധിനിവേശത്തിന്റെയും അന്ധകാരപൂർണ്ണമായ അമേരിക്കൻ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമെന്ന പ്രതീക്ഷയാണ് സൃഷ്ടിക്കപ്പെട്ടത്.

പ്രത്യാശയുടെയും യാഥാർത്ഥ്യത്തിന്റെയും വൈരുദ്ധ്യാത്മകയാണ് അമേരിക്കയുടെ പുതുകാലം നിർണ്ണയിക്കാൻ പോകുന്നത്
എന്ന് പലരും സ്വപ്നം കണ്ടു..!

പക്ഷെ..
വർണ്ണ വെറിയുടെ കറുത്ത ഹൃദയം പേറുന്നവർ അവസാനിചിട്ടില്ല..
ലോകത്തെ മുഴുവൻ സംസ്‌ക്കാരം പഠിപ്പിക്കാൻ മുന്നിട്ടിറങ്ങുന്ന അമേരിക്കാ..
നീ ലോകത്തിനു മുന്നിൽ
തല താഴ്ത്തിപിടികൂ..
നിന്റെ ആഢ്യത്വത്തിനു മേൽ തീക്കാറ്റ് വർഷിക്കുന്ന പ്രഭാതം അകലെയല്ല..!!

അമേരിക്കൻ നീഗ്രോ കവി മാർഗരറ്റ് വാക്കർ
വിഖ്യാതമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അർത്ഥ ശൂന്യതയിലേക്ക് വിരൽ ചൂണ്ടി ഇങ്ങനെ എഴുതി:
“ഞങ്ങൾ വിശ്വസികളായിരുന്നു..
നവീനമായ ഒരു രജ്യത്തിലെ
വെളുത്ത ദൈവങ്ങളിൽ ഞങ്ങൾ വിശ്വസിച്ചിരുന്നു.
യജമാനന്മാരുടെ കാരുണ്യത്തിലും
സഹോദരന്മാരുടെ സൗന്ദര്യത്തിലും
ഞങ്ങൾ വിശ്വസിച്ചിരുന്നു.
അടിമ വ്യാപാരിയുടെ ചാട്ട വാറിനോ,
ആരാച്ചാരുടെ കൊലക്കയറിനോ,
ബയണറ്റിനോ,
ഞങ്ങളുടെ വിശ്വാസത്തെ നിഗ്രഹിക്കാൻ കഴിയില്ല..!
കൊടും വിശപ്പിൽ ദൂരെ നിന്ന്
ഞങ്ങൾ സ്വീകരണ മേശകൾ കണ്ടു.
നഗ്നതയിൽ വെള്ള മേലങ്കികളുടെ പ്രതാപം കണ്ടു.
ഒരു പുത്തൻ ജറുസലേമിൽ ഞങ്ങൾ വിശ്വസിച്ചിരുന്നു.”

പ്രഖ്യാപനത്തിനപ്പുറം സ്വാതന്ത്ര്യമോ സമത്വമോ അനുഭവിച്ചിട്ടില്ലാത്ത
അമേരിക്കയിലെ കരുത്തവന്റെ മനസ്സിലും
പ്രതിബന്ധങ്ങൾകെതിരെ
ഉയരുന്ന രക്തം പുരണ്ട മുഷ്ടികളിലുമാണ് അമേരിക്ക വീണ്ടെടുക്കപ്പെടുക എന്നു വിശ്വസിക്കുന്ന കറുത്ത വർഗക്കാരുടെ പ്രത്യാശഭരിതമായ ശബ്ദമായിരുന്നു
ആ കവിത..!!

വെള്ളക്കാരൻ പോലീസുകാരന്റെ മുട്ടുകാലിനിടയിൽ ശ്വാസം മുട്ടി ഞെരുങ്ങി മരിച്ച ആ ദീന വിലാപം..
പടരുക തന്നെ ചെയ്യും.
കാലത്തിനു ഒരു കാവ്യ നീതിയുണ്ട്..
കാത്തിരുന്നോളൂ..!

“ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ
കലാപമുണ്ടാകണം
ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിച്ചാമ്പലാവണം”
(പ്രശസ്ത ജർമ്മൻ കവി
ബെർടോൾഡ് ബ്രെഹ്ത്)

SHARE