മെസി,സുവാരസ്, ഗ്രീസ്മാന്‍ മിന്നി; ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. നോക്കൗട്ട് റൗണ്ടില്‍ കടന്നു. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനും ചെല്‍സിക്കും നോക്കൗണ്ട് റൗണ്ട് ഉറപ്പിക്കാന്‍ കാത്തിരിക്കണം.

ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ മുന്നേറ്റം. സുവാരസിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബാഴ്‌സയ്ക്കായി ലിയോണല്‍ മെസിയും ഗ്രീസ്മാനും ഗോള്‍ നേടി. 77ാം മിനിട്ടില്‍ സാഞ്ചോയുടെ വകയായിരുന്നു ബോറൂസ്യയുടെ ആശ്വാസ ഗോള്‍.

അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. നാപ്പോളിയോട് സമനില വഴങ്ങേണ്ടി വന്നതാണ് ലിവര്‍പൂളിന് തിരിച്ചടിയായത്. സ്പാനിഷ് ക്ലബ്ബ് വലന്‍സിയയോട് സമനിലയില്‍ പിരിഞ്ഞ ചെല്‍സിക്കും നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ കാത്തിരിക്കേണ്ടി വരും. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.

അതേസമയം സ്ലാവിയ പ്രാഹയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്റര്‍മിലാന്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി. മാര്‍ട്ടിനെസിന്റെ ഇരട്ട ഗോളിന്റേയും കരിയറിലെ 250ാം ഗോള്‍ നേടിയ റോമേലു ലുക്കാക്കുവിന്റെ പ്രകടനവുമാണ് ഇന്റ!ര്‍മിലാന് തുണയായത്.