ബിഗ് ബാഴ്‌സ; സോറി റയല്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയലിന്റെ പ്രയാണത്തിന് തടയിട്ട് ബാഴ്‌സലോണ. സ്‌പോര്‍ട്ടിങ് ഗിയോണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടതിനു പിന്നാലെ ദുര്‍ബലരായ ലാസ് പാല്‍മസിനെതിരെ റയല്‍ സമനില വഴങ്ങിയതും ബാഴ്‌സയുടെ മുന്നേറ്റത്തിന് തുണയായി. നിലവില്‍ 25 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ തലപ്പത്ത്. ഒരു മത്സരം കുറച്ച് കളിച്ച റയല്‍ 56 പോയിന്റുമായി രണ്ടാമതുമാണ്. സെവിയ്യയാണ് 52 പോയിന്റുമായി മൂന്നാമത്. സാന്റിയാഗോ ബര്‍ണബ്യൂവില്‍ 3-3 എന്ന സ്‌കോറിനാണ് റയല്‍ ലാസ് പാല്‍മസിനോട് സമനില വഴങ്ങിയത്. മുന്നേറ്റ നിരയില്‍ കരീം ബെന്‍സീമയ്ക്കു പകരം മൊറാട്ടയെ ഇറക്കിയാണ് സിനഡിന്‍ സിദാന്‍ ടീമിനെ ഇറക്കിയത്. എട്ടാം മിനിറ്റില്‍ ഇസ്‌കോ റയലിനെ മുന്നിലെത്തിച്ചുവെങ്കിലും രണ്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ലീഡിനുണ്ടായിരുന്നുള്ളൂ. പത്താം മിനിറ്റില്‍ ഡേവിഡ് സിമോണിന്റെ പാസില്‍ നിന്നും താന ലാസ് പാല്‍മസിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയില്‍ റയലിനെ 1-1ന് പിടിച്ചു കെട്ടിയ ലാസ് പാല്‍മസ് രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ ഗാരത് ബെയ്ല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ വര്‍ധിത വീര്യം പുറത്തെടുത്തു. 56-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്നും സര്‍ജിയോ റാമോസ് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കിക്കൊണ്ട് ജൊനാഥന്‍ വിയേര ലാസ് പാല്‍മസിനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റിന് ശേഷം കെവിന്‍ പ്രിന്‍സ് ബോട്ടങ്ങിലൂടെ ലീഡ് രണ്ടാക്കാനും ലാസ് പാല്‍മസിനായി. രണ്ട് ഗോള്‍ പിന്നിലായതോടെ സര്‍വ ശക്തിയും സംഭരിച്ച് ആക്രമിച്ച് കളിച്ച റയലിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി രക്ഷകനായി. 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ട് ക്രിസ്റ്റ്യാനോ കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ടീമിന് സമനില ഗോളും ഒപ്പം നാണക്കേടും ഒഴിവാക്കി. എം.എസ്.എന്‍ ത്രയങ്ങള്‍ നിറഞ്ഞാടിയ മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഗിയോണിനെ 6-1ന് ആയിരുന്നു ബാഴ്‌സ തകര്‍ത്തു വിട്ടത്. മെസ്സിയും നെയ്മറും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ സുവാരസ് രണ്ടു ഗോളുകള്‍ നേടി. റാകിടിച്ചും അല്‍ക്കാസറുമായിരുന്നു ശേഷിക്കുന്ന ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഒമ്പതാം മിനിറ്റില്‍ ഹെഡ്ഡര്‍ ഗോളിലൂടെ സ്‌കോറിംഗ് തുടങ്ങിവെച്ചത് സൂപ്പര്‍താരം മെസിയായിരുന്നു. രണ്ട് മിനിറ്റിനു ശേഷം ലൂയിസ് സുവാരസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ ബാഴ്‌സയെ അമ്പരപ്പിച്ചു കൊണ്ട് 21-ാം മിനിറ്റില്‍ കാര്‍ലോസ് കാസ്‌ട്രോ സ്‌പോര്‍ട്ടിങ് ഗിയോണിനു വേണ്ടി ഒരു ഗോള്‍ മടക്കി. എന്നാല്‍ ആറു മിനിറ്റിനു ശേഷം സുവാരസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയില്‍ ബാഴ്‌സയുടെ ഏകപക്ഷീയമായ ആധിപത്യത്തിനാണ് നൗകാമ്പ് സാക്ഷ്യം വഹിച്ചത്. 49-ാം മിനിറ്റില്‍ പാകോ അല്‍കാസറും 65-ാം മിനിറ്റില്‍ നെയ്മറും ബാഴ്‌സക്കായി വല ചലിപ്പിച്ചപ്പോള്‍ കഴി അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെയായിരുന്നു റാക്കിടിച്ചിന്റെ ഗോള്‍.

SHARE