നൂറിന്റെ തിളക്കത്തില്‍ മെസിയെ ആദരിച്ച് ബാഴ്‌സ

സ്വന്തം മൈതാനമായ നുവോ കാമ്പില്‍ ഇന്നലെ മെസി യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മല്‍സരം കളിച്ചു. സാധാരണ എല്ലാ മല്‍സരങ്ങളിലും ഗോള്‍ സ്‌ക്കോര്‍ ചെയ്യാറുള്ള ചാമ്പ്യന്‍ താരത്തിന് ഇത്തവണ സ്‌ക്കോര്‍ ചെയ്യാനായില്ല. പക്ഷേ മല്‍സരത്തിന് മുമ്പ് തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി മെസിക്ക് ബാഴ്‌സലോണ ക്ലബ് വലിയ ഒരു പുരസ്‌ക്കാരം സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോളുകള്‍ തികച്ചതിനുള്ള പുരസ്‌ക്കാരം. മെസിയുടെ മുന്‍ സഹതാരം കാര്‍ലോസ് പുയോളാണ് വലിയ അംഗീകാരം സമ്മാനിച്ചത്. ബാര്‍സക്ക് വേണ്ടി എത്രയോ സൂപ്പര്‍ ഗോളുകള്‍ സ്വന്തമാക്കിയിട്ടുള്ള മെസി ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലാണ് 100 ഗോളിന്റെ തിളക്കത്തിലെത്തിയത്. അത് വരെ ചെല്‍സിക്കെതിരെ ഗോള്‍ നേടാത്ത താരമെന്ന പേരുണ്ടായിരുന്ന മെസി ആ കുറവും നികത്തിയാണ് 100 ഗോള്‍ ക്ലബില്‍ എത്തിയത്.


പരുക്ക് കാരണം രണ്ടാഴ്ച്ചയായി കളത്തിന് പുറത്തായിരുന്നു മെസി. ലോകകപ്പ്് മുന്‍നിര്‍ത്തി ദേശീയ ടീം രണ്ട് സന്നാഹ മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ മെസി കാഴ്ച്ചക്കാരനായിരുന്നു. പക്ഷേ ലാലീഗയില്‍ സെവിയെക്കെതിരായ പോരാട്ടത്തില്‍ ബാര്‍സ തോറ്റ് നില്‍ക്കുമ്പോള്‍ കോച്ച് മെസിയെ രംഗത്തിറക്കി. അദ്ദേഹം ഗോളും നേടി. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കൃസ്റ്റിയാനോ റൊണാള്‍ഡോ യുവന്തസിനെതിരെ നേടിയ തകര്‍പ്പന്‍ ഗോളിന്റെ ആരവങ്ങള്‍ ലോകമുടനീളം ഉയരുമ്പോള്‍ അര്‍ജന്റീനക്കാരനില്‍ നിന്നും അത്തരം മാജിക് ഗോളുകളാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്.

SHARE