ബാര്‍സക്ക് തകര്‍പ്പന്‍ ജയം: മെസ്സിക്കും സുവാരസിനും ഗോള്‍

 

മാഡ്രിഡ് : ലാലീഗയില്‍ ബാര്‍സലോണക്ക് റയല്‍ സോസിഡാഡിനെതിരെ തകര്‍പ്പന്‍ ജയം. ഒരു പതിറ്റാണ്ടിനു ശേഷമാണ് സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡിനെതിരെ അവരുടെ തട്ടകത്തില്‍ കറ്റാലന്‍സ് ജയിച്ചു കയറുന്നത്. വാശിയേറിയ പോരാട്ടത്തില്‍ രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം എണ്ണം പറഞ്ഞ നാലെണ്ണം മടക്കിയാണ് ബാര്‍സ സോസിഡാഡിന്റെ വെല്ലുവിളി മറികടന്നത്. ഇതോടെ നടപ്പു സീസണില്‍ യുറോപിലെ പ്രമുഖ അഞ്ചു ലീഗുകളില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഏക ടീം ബാര്‍സ മാത്രമായി. ഞാറായ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളുമായി തോറ്റത്തോടെയാണ് ബാര്‍സ ഏക ടീമായി മാറിയത്.

 

ബാര്‍സയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ രണ്ടു ഗോളുകളോടെ റയല്‍ സോസിഡാഡ് ബാഴ്‌സയെ അക്ഷരാര്‍ത്ഥത്തില്‍ കറ്റാലന്‍സിനെ ഞെട്ടിച്ചു. പതിനൊന്നാം മിനുട്ടില്‍ വില്യന്‍ ജോസും മുപ്പത്തിനാലാം മിനുട്ടില്‍ ജുവാന്‍മിയുമാണ് സോസിഡാഡിന്റെ ഗോളുകള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതിക്കു മുന്‍പ് ബ്രസീലിയന്‍ താരം പൗലീഞ്ഞോ ഒരു ഗോള്‍ തിരിച്ചടിച്ച് ബാര്‍സയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു.രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണം കാഴ്ചവെച്ച ബാര്‍സ തുടക്കത്തില്‍ തന്നെ ഉറുഗ്വെയ്ന്‍ താരം സുവാരസിലൂടെ ഒപ്പംമെത്തി. മെസിയുടെ പാസ് സ്വീകരിച്ച സുവരാസ് മികച്ചൊരു ഫിനീഷിങിലൂടെ എതിര്‍ വല കുലുക്കുകയായിരുന്നു. എഴുപതാം മിനുട്ടില്‍ സോസിഡാഡ് ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് സുവാരസ് ബാര്‍സയെ മുന്നിലെത്തിച്ചു. കളി തീരാന്‍ അഞ്ചു മിനുട്ട് മാത്രം ശേഷിക്കേ സൂപ്പര്‍താരം ലയണല്‍ മെസ്സി മനോഹരമായ ഫ്രീ കിക്കിലൂടെ ബാര്‍സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

 

പരിശീലകന്‍ വാല്‍വെര്‍ദേയുടെ കീഴില്‍ മികച്ച ഫോമില്‍ പന്തുതട്ടുന്ന ബാര്‍സ 19 കളിയില്‍ നിന്നും 51 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 42 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമത്. 32 പോയന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് നാലാം സ്ഥാനാത്താണ്.