പ്രിസീസണ്‍ തുടങ്ങാനിരിക്കെ ബാഴ്‌സ താരത്തിന് കോവിഡ്; പേരു വെളിപ്പെടുത്താതെ ക്ലബ്‌

ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പുതിയ സീസണ് മുമ്പുള്ള പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ക്ലബ്ബ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ താരം ആരെന്ന് വ്യക്തമാക്കാന്‍ ക്ലബ്ബ് തയ്യാറായിട്ടില്ല.

പുതിയ സീസണ് മുന്നോടിയായി പരിശീലനത്തിനായി എത്തിയ ഒമ്പത് താരങ്ങള്‍ക്ക് ചൊവ്വാഴ്ച പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് കോവിഡ് പോസ്റ്റിവ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാക്കാതിരുന്ന വ്യക്തി ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണെന്നും ക്ലബ്ബ് വ്യക്തമാക്കി.
അതേസമയം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിനായി ലിസ്ബണിലേക്ക് വ്യാഴാഴ്ച യാത്ര തിരിക്കാനൊരുങ്ങുന്ന ബാഴ്സ ടീമിലെ ആരുമായും ഈ താരം ബന്ധപ്പെട്ടിട്ടില്ലെന്നും ക്ലബ്ബ് അറിയിച്ചു.

SHARE