അത്‌ലറ്റികോയെ സമനിലയില്‍ തളച്ച് ബാര്‍സ കിങ്‌സ് കപ്പ് ഫൈനലില്‍

ബാര്‍സലോണ: രണ്ടാം പാദ സെമിയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ സമനിലയില്‍ തളച്ച് ബാര്‍സലോണ സ്പാനിഷ് കിങ്‌സ് (കോപ ദെല്‍ റേ) ഫൈനലില്‍. അത്‌ലറ്റികോയുടെ ഗ്രൗണ്ടില്‍ ആദ്യപാദം 1-2 ന് ജയിച്ച ബാര്‍സ നൗകാംപില്‍ 1-1 സമനിലയിലാണ് സന്ദര്‍ശകരെ പിടിച്ചുകെട്ടിയത്. 43-ാം മിനുട്ടില്‍ ലൂയിസ് സുവാരസ് ബാര്‍സയെ മുന്നിലെത്തിച്ചപ്പോള്‍ 83-ാം മിനുട്ടില്‍ കെവിന്‍ ഗമീറോ ആണ് സമനില ഗോള്‍ നേടിയത്.

ആന്റോണിയോ ഗ്രീന്‍സ് പന്ത് വലയിലെത്തിച്ചപ്പോള്‍ റഫറി ഓഫ്‌സൈഡ് വിധിച്ച് ഗോള്‍ നിഷേധിച്ചതും ഗമീറോ പെനാല്‍ട്ടി പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തിയതും അത്‌ലറ്റികോയ്ക്ക് വിജയനം നിഷേധിച്ചു. ഫൈനലിലെത്തിയെങ്കിലും സെര്‍ജി റോബര്‍ട്ടോ, ലൂയിസ് സുവാരസ് എന്നിവര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബാര്‍സക്ക് തിരിച്ചടിയായി. അത്‌ലറ്റികോ വിങര്‍ യാനിക് കരാസ്‌കോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

അത്‌ലറ്റികോ പ്രതിരോധം കീറിമുറിച്ച് ലയണല്‍ മെസ്സി നടത്തിയ സോളോ റണ്‍ ആണ് ബാര്‍സലോണയുടെ ഗോളില്‍ കലാശിച്ചത്. ബോക്‌സിനു പുറത്തുനിന്ന് അര്‍ജന്റീനക്കാരന്‍ തൊടുത്ത ഗ്രൗണ്ടര്‍ അത്‌ലറ്റികോ കീപ്പര്‍ മിഗ്വേല്‍ മോയ ഡൈവ് ചെയ്ത് തടഞ്ഞെങ്കിലും റീബൗണ്ടില്‍ നിന്ന് സുവാരസ് നിഷ്പ്രയാസം ലക്ഷ്യം കണ്ടു.

77-ാം മിനുട്ടില്‍ 35 വാര അകലെ നിന്നുള്ള മെസ്സിയുടെ ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടി മടങ്ങി. പ്രതിരോധക്കാരെ കാഴ്ചക്കാരാക്കിയ കിക്ക് ഗോള്‍കീപ്പര്‍ക്ക് അവസരം നല്‍കാതെ താണിറങ്ങിയെങ്കിലും ക്രോസ്ബാറിന്റെ അടിയില്‍ തട്ടി ഗ്രൗണ്ടില്‍ തിരിച്ചെത്തി.

79-ാം മിനുട്ടില്‍ ഗമീറോയെ ജെറാഡ് പിക്വെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ബാര്‍സ പെനാല്‍ട്ടി വഴങ്ങിയത്. കിക്കെടുത്ത ഫ്രഞ്ച് താരം പക്ഷേ, പന്ത് ബാറിനു മുകളിലൂടെ അടിച്ചുപറത്തുകയായിരുന്നു.

83-ാം മിനുട്ടില്‍ ആന്റോയിന്‍ ഗ്രീസ്മന്റെ ക്രോസില്‍ നിന്നാണ് ഗമീറോ സമനില ഗോള്‍ വഴങ്ങിയത്. അവസാന മിനുട്ടുകളില്‍ അത്‌ലറ്റികോ വാശിയോടെ പൊരുതിയെങ്കിലും ഗോള്‍ വഴങ്ങാതെ ബാര്‍സ പ്രതിരോധം പിടിച്ചുനിന്നു.