മാഡ്രിഡ്: വരുമാനത്തില്‍ റെക്കോര്‍ഡിട്ട് മുന്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാര്‍സലോണ. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാര്‍സയുടെ വരുമാനം 708 ദശലക്ഷം യൂറോ (5250 കോടി രൂപ)യാണെന്ന് ക്ലബ്ബ് വക്താവ് ജോസപ് വിവെസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കൂട്ടി കണ്ടതിനേക്കാള്‍ 13 ദശലക്ഷം യൂറോ അധികമാണിത്. നികുതി കിഴിച്ചാല്‍ 18 ദശലക്ഷം (133 കോടി രൂപ) ആണ് കഴിഞ്ഞ വര്‍ഷത്തില്‍ ക്ലബ്ബിന്റെ ലാഭം. അതോടൊപ്പം കടബാധ്യത 247 ദശലക്ഷത്തില്‍ നിന്ന് 24.5 ദശലക്ഷമായി കുറഞ്ഞിട്ടുമുണ്ട്. തൊട്ടുമുന്നത്തെ സാമ്പത്തിക വര്‍ഷത്തില്‍ ബാര്‍സയുടെ വരുമാനം 679 ദശലക്ഷമായിരുന്നു.
FC Barcelona have announced a record income of €708m and a profit of €18m over the 16/17 season. [FCB]
— FORÇA BARÇA (@ForcaBarcaEN) July 18, 2017
ജഴ്സി സ്പോണ്‍സര്‍ഷിപ്പ്, സ്റ്റേഡിയം വരുമാനം, ടി.വി അവകാശം, പരസ്യ വരുമാനം, കളിക്കാരുടെ വില്പന തുടങ്ങിയവയിലൂടെയാണ് ബാര്‍സ വന്‍ തുക കൊയ്തത്. ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, നെയ്മര്‍ എന്നിവര്‍ക്കു വേണ്ടി വന്‍തുക നീക്കി വെക്കേണ്ടി വരുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വരുമാനവും ക്ലബ്ബിന് ലഭിക്കുന്നുണ്ട്. മൊത്തം ചെലവിന്റെ 66 ശതമാനമാണ മുന്‍നിരയിലെ എം.എസ്.എന്‍ എന്നറിയപ്പെടുന്ന മൂവരും പങ്കിട്ടെടുക്കുന്നത്.
സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ടീമിന്റെ മികവ് മെച്ചപ്പെടുത്തുന്നതിനൊപ്പം സ്പോണ്‍സര്‍ഷിപ്പ് വഴിയുള്ള വരുമാനവും ഉയര്‍ത്തുന്നുണ്ട്. ജഴ്സിയില്‍ നൈക്കിയുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്ന കരാര്‍ പ്രകാരം 2018 മുതല്‍ പത്ത് വര്‍ഷത്തേക്ക് ബാര്‍സക്ക് ഓരോ വര്‍ഷവും 152 ദശലക്ഷം യൂറോ വീതം ലഭിക്കും. 2020-ഓടെ പ്രതിവര്‍ഷ വരുമാനം 100 കോടി യൂറോയിലെത്താന് കഴിയുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
വരുമാനത്തിന്റെ കാര്യത്തില്‍ ഫുട്ബോളിലെ അതിസമ്പന്നരായ റയല്‍ മാഡ്രിഡിനെ മറികടക്കാനൊരുങ്ങുകയാണ് ബാര്‍സ. റയല്‍ മാഡ്രിഡ് കഴിഞ്ഞ ഒക്ടോബറില്‍ 620 ദശലക്ഷം യൂറോ വരുമാനം രേഖപ്പെടുത്തിയിരുന്നു. കളിക്കാരുടെ ട്രാന്‍സ്ഫറില്‍ നിന്ന് ലഭിക്കുന്ന തുക കൂടാതെയായിരുന്നു ഇത്. മൊത്തം വരുമാനത്തില്‍ ഇത്തവണയും റയല്‍ ബാര്‍സയെ പിന്തള്ളുമെങ്കിലും ആ ആധിപത്യം അധികകാലം തുടരാന്‍ കഴിഞ്ഞേക്കില്ല.
ജാപ്പനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനി ‘റാകുട്ടേനു’മായി റെക്കോര്‍ഡ് തുകക്ക് ബാര്‍സ ജഴ്സി സ്പാണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. അഞ്ച് കോടി യൂറോ ആണ് 2017-18 സീസണ് മുതല്‍ ഓരോ വര്‍ഷവും ക്ലബ്ബിന് നല്‍കുക. ബാര്‍സ ലാലിഗ, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിയാല്‍ ഈ തുകയില്‍ വര്‍ധനവുണ്ടാവും. നിലവില്‍ ഫുട്ബോളിലെ ഏറ്റവും വലിയ സ്പോണ്‍സര്‍ഷിപ്പ് തുകയാണിത്.