ഡല്‍ഹി കലാപം വേദനകള്‍ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ വേദനകളിലും സഹായിക്കാനും താങ്ങാനും ആരെങ്കിലും എത്തുമെന്ന ശുഭ പ്രതീക്ഷയും ഡല്‍ഹി തരുന്ന സന്ദേശങ്ങളില്‍ ഒന്നാണ്. ഗുരുദ്വാര്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുത്ത സിക്കുകാര്‍ക്ക് പിന്നാലെ ഇതാ രണ്ട് ബാര്‍ബര്‍മാരും. ഡല്‍ഹിയിലെ മുസ്താഫാബാദിലെ മുഹമ്മദ് ഷഹാസിനും സഹായി വാസിമും ജീവിതത്തിലേക്ക് നയിച്ചത് നിരവധി പേരെയാണ്.
ഫെബ്രുവരി 24 ന് അല്‍ഹിന്ദ് ആശുപത്രിയില്‍ നിന്ന് ഡോക്ടറുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ ഷഹാസിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എത്രയോ തവണ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികളുടെ തലമുടി നീക്കം ചെയ്യാനായി ആശുപത്രിയില്‍ പോയിരിക്കുന്നു. ആ മുന്‍വിധിയോടെയാണ് ഷഹാസ് വാസിമിനെ കൂട്ടി അല്ഹിന്ദിലെത്തിയത്. എന്നാല്‍ അവിടെ കണ്ട കാഴ്ചകള്‍ ഹൃദയഭേദഗമായിരുന്നു. ചോരയൊലിയ്ക്കുന്ന തലകളായിരുന്നു ഇരുവര്‍ക്കും ഷേവ് ചെയ്യേണ്ടിവന്നത്.
ഒരോരുത്തരെയായി മുടി നീക്കം ചെയ്ത് ഇരുവരും ഡോക്ടറെ സഹായിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്പ സമയത്തിനുള്ളില്‍ ആശുപത്രി ചോരയൊലിക്കുന്ന നിരവധി പേരെകൊണ്ട് നിറഞ്ഞു. മറ്റുവഴികളൊന്നും ഇല്ലാതായാപ്പോള്‍ ഇരുവരും ആതുര ശുശ്രൂഷകരായി. അല്‍ഹിന്ദിലെ ഡോക്ടര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു പരിക്കേറ്റവരുടെ എണ്ണം. തങ്ങളെകൊണ്ട് കഴിയുന്ന പോലെ മുറിവുകള്‍ വെച്ച് കെട്ടിയും മറ്റും ഇരുവരും ഡോക്ടര്‍മാരെ സഹായിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ വെടിയേറ്റവരെ പോലും ഈ ആശുപത്രിയിലേക്കാണ് എത്തിച്ചുകൊണ്ടിരുന്നു.വെറും മൂന്ന് ഡോക്ടര്‍മാരും മൂന്ന് നാല് നഴ്സുമാരും വിരലിലെണ്ണാവുന്ന ജീവനക്കാരും മാത്രമാണ് അല്ഹിന്ദിലുണ്ടായിരുന്നത്.
ഇതിനിടയില്‍ പ്രഥമിക ശുശ്രൂഷ നല്‍കേണ്ട വിധം ഡോക്ടര്‍മാര്‍ ഇരുവരെയും പഠിപ്പിച്ചിരുന്നു.പണം വാങ്ങാതെയാണ് ആശുപത്രി കലാപത്തില്‍ അപകടമേറ്റവരെ ചികിത്സിച്ചത്. സമീപത്തെ ഫാര്‍മസികളും ആശുപത്രിയ്ക്ക് പിന്തുണയുമായെത്തി നേരെ പുലരുവോളം മരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നു. മുടിവെട്ടാനല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത തങ്ങള്‍ക്ക് നിരവധി പേരുടെ ജിവന് രക്ഷിക്കാനായല്ലോ എന്ന് ഷഹാസും വാസിമും പറഞ്ഞു.
കടപ്പാട് : ന്യൂസ് 18