ബാര്‍ അസോസിയേഷന്‍ ഹാള്‍ പൂട്ടുപൊളിച്ച സംഭവം; കളക്ടര്‍ ടി.വി അനുപമക്ക് കയ്യടിച്ച് സാമൂഹ്യമാധ്യമങ്ങള്‍

തൃശൂര്‍: തൃശൂരിലെ കളക്ടര്‍ ടി.വി അനുപമക്ക് വീണ്ടും സോഷ്യല്‍മീഡിയില്‍ കയ്യടി. ബാര്‍ അസോസിയേഷന്റെ ഹാള്‍ പൂട്ടുപൊട്ടിച്ച് തുറന്ന് ദുരിതാശ്വാസക്യാമ്പിലേക്കുള്ള ആവശ്യസാധനങ്ങള്‍ സൂക്ഷിച്ച കളക്ടറുടെ നടപടിക്കാണ് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനം നിറഞ്ഞത്. നേരത്തെ, തൃശൂരിലെ തീരപ്രദേശങ്ങളില്‍ വെളളക്കെട്ട് നിറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ടി.വി അനുപമയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ഇന്നലെയാണ് സംഭവം. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന്റെ ഹാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അസോസിയേഷന്‍ ഹാള്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ദുരന്തനിവാരണ നിയമപ്രകാരം ഹാള്‍ ഏറ്റെടുക്കുകയായിരുന്നു കളക്ടര്‍.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ് പ്രകാരം കളക്ടര്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഹാളിന്റെ പൂട്ടുപൊട്ടിച്ചത്. അരിയും മറ്റും സൂക്ഷിച്ച ശേഷം വേറെ താഴിട്ടുപൂട്ടുകയും ചെയ്തു. താക്കോല്‍ ലഭിക്കാതെ വന്നപ്പോഴാണ് ഹാള്‍ ഏറ്റെടുത്തതെന്നും നോട്ടീസ് നല്‍കിയ ശേഷം ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറായെന്നും കളക്ടര്‍ അറിയിച്ചു. സിവില്‍ സ്‌റ്റേഷനിലെ തൃശൂര്‍ ബാര്‍ അസോസിയേഷന്‍ ഉപയോഗിക്കുന്ന 35,36 നമ്പര്‍ മുറികളാണ് കളക്ടര്‍ ഒഴിപ്പിച്ചെടുത്തത്.

SHARE