ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: സി.പി.എം നേതാവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

മാനന്തവാടി: തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ശക്തമായതോടെ സി.പി.എം നേതാവ് രാജിവെച്ചു. ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടതോടെ സി.പി.എം മാനന്തവാടി ഏരിയാകമ്മിറ്റി മെമ്പറും സി.ഐ.ടി.യു നേതാവുമായ പി.വാസുവിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. ഇതോടെ ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയറക്ടര്‍ സ്ഥാനവും വാസു രാജിവെച്ചു.

കഴിഞ്ഞ ദിവസം ബാങ്കിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. ബാങ്ക് ജീവനക്കാരനും സി.പി.എമ്മുകാരനുമായ അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്ന് പാര്‍ട്ടിയില്‍ നിന്നും ആവശ്യമുയര്‍ന്നതോടെയാണ് നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.

അതിനിടെ, മരണപ്പെട്ട അനിലിന്റെ ഭാര്യ ബിന്ദു മോളുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി.ബാങ്കിലെ സി.സി.ടി.വി.ദൃശ്യങ്ങളുടെ കോപ്പിയും പൊലീസ് പരിശോധനക്കായി എടുത്തു. ബന്ധുക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറാന്‍ കോടതി ഉത്തരവായി. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച മുന്‍ കൃഷി ഓഫീസറുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

SHARE