കൊച്ചി: കോവിഡ് സമൂഹവ്യാപനമായി ആഞ്ഞടിക്കുന്നതിനിടെ കേരളത്തിന്റെ തീര പ്രദേശങ്ങളില്‍ കനത്ത കടലേറ്റവും. കഴിഞ്ഞ രണ്ടു ദിവസമായി തുടങ്ങിയ വേലിയേറ്റം എറണാകുളം ചെല്ലാനം മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കി. വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചതോടെ വീടുകള്‍ വാസയോഗ്യമല്ലാതെയായി. കഴിഞ്ഞ രാത്രി ആളുകള്‍ ഏറെയും ടെറസിലും മറ്റുമായാണ് കഴിച്ചു കൂട്ടിയത്.
230ലേറെ കോവിഡ് രോഗികളുള്ള, സമൂഹ വ്യാപനം നടന്ന ചെല്ലാനത്ത് ആളുകള്‍ ക്യാംപുകളിലേക്കു പോകുന്നതിനു തയാറാകുന്നില്ല. ഇന്നലെ രാത്രി ചെല്ലാനം സെന്റ്മേരീസ് സ്കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നെങ്കിലും മൂന്നു വീട്ടുകാര്‍ മാത്രമാണ് അവിടേക്കു പോകാന്‍ തയാറായത്. വേലിയേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് നടത്തി വന്ന കോവിഡ് പരിശോധന ഇന്നലെ നിര്‍ത്തി വയ്ക്കേണ്ടി വന്നു. ഇന്നലെ രാത്രി 12 മണിക്കു ശേഷം വേലിയേറ്റത്തിന് ശമനമുണ്ടായിട്ടുണ്ട്. വെള്ളക്കെട്ടിനും കുറവുണ്ടായി. ഇതോടെ ഇന്ന് വീണ്ടും പരിശോധനകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്.
കണ്ടെയ്ന്മെന്റ് സോണും ലോക്ഡൗണും തുടരുന്ന മലപ്പുറം പൊന്നാനിയിലും കടല്‍ക്ഷോഭം കടുത്ത പ്രതിസന്ധിയാണ്. ആലപ്പുഴ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, ഒറ്റമശേരി, കാട്ടൂര്‍ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടെയെല്ലാമുള്ള വലിയ പ്രതിസന്ധി ദുരിതാശ്വാസ ക്യാംപുകള്‍ എങ്ങനെ തുറക്കുമെന്നാണ്.