നിരോധനാജ്ഞയെ മറികടന്ന് ബംഗളൂരുവില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ബംഗളൂരു: പൗരത്വനിയമഭേദഗതി, ദേശീയപൗരത്വപ്പട്ടിക എന്നിവയ്‌ക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ 21ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. മുന്‍കരുതല്‍നടപടികളുടെഭാഗമായാണ് നിരോധനാജ്ഞയെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

അതേസമയം നിരോധനാജ്ഞയെ മറികടന്ന് പൗരത്വനിയമഭേദഗതി, ദേശീയപൗരത്വപ്പട്ടിക എന്നിവയ്‌ക്കെതിരേ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധരാത്രിയില്‍ രംഗത്തെത്തി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുത്തനച്ചെട്ടി ടൗണ്‍ ഹാളിനു മുന്നില്‍ നടത്താനിരുന്ന പ്രതിഷേധസമരം 18 രാത്രി 11 മണിക്ക് നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ നിരോധനാജ്ഞയെ മറികടന്നത്. അര്‍ദ്ധരാത്രിയില്‍ വിദ്യാര്‍ത്ഥികളും അഭിഭാഷകരുമായി നടത്തിയ സമരത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ബംഗളൂരുവില്‍ വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിവിധ രാഷ്ട്രീയ സാമൂഹിക വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് നിരോധനാജ്ഞ. വ്യാഴാഴ്ച വിവിധ സംഘടനകള്‍ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിക്കും പോലീസ് അനുമതി നിഷേധിച്ചു.

ബംഗളൂരുവില്‍ പ്രതിഷേധറാലികള്‍ക്ക് അനുമതിനല്‍കില്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. റാലി നടത്താന്‍ രണ്ടു സ്വകാര്യകോളേജുകളിലെ വിദ്യാര്‍ഥികള്‍ അനുവാദംചോദിച്ചെങ്കിലും നിഷേധിച്ചു. പല സംഘടനകളും അനുമതിതേടിയിട്ടുണ്ടെങ്കിലും ആര്‍ക്കും അനുമതി നല്‍കില്ല. നിയമംലംഘിച്ച് ആരെങ്കിലും പ്രതിഷേധം നടത്തിയാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

അതേസമയം, സമാധാനമായി പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുന്ന നിരോധനാജ്ഞക്കെരിരേയും കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ശക്തമാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബംഗളൂരുവില്‍ 144 പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി നിരവധി സംഘടനകളും വിദ്യാര്‍ഥികളും ടൗണ്‍ഹാളിലും മറ്റുമായി പ്രതിഷേധം നടത്തിയിരുന്നു. ഇരുന്നുകൊണ്ടുള്ള പ്രതിഷേധപരിപാടികള്‍ പോലീസ് തടയില്ലെന്നാണ് വിവരം.