പൗരത്വ ഭേദഗതി ബില്‍; ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകെമാനം പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുല്‍ മുമീന്‍. ഈ മാസം 14 വരെയുള്ള ഇന്ത്യാ സന്ദര്‍ശനമാണ് അബ്ദുല്‍ മുമീന്‍ യാത്ര റദ്ദാക്കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചത് പ്രകാരം ഇന്ന വൈകിട്ട് ന്യൂഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു മുമീന്‍.

അതേസമയം യാത്ര റദ്ദാക്കിയതിന്റെ കാരണത്തെക്കുറിച്ച് ബംഗ്ലാദേശ് പ്രതികരിച്ചതായി ഇന്ത്യ വ്യക്തമാക്കി.

എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ രൂക്ഷവിമര്‍ശവുമായി നേരത്തെ മുമീന്‍ രംഗത്തെത്തിയിരുന്നു. പൗരത്വബില്‍ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിമല്ലാത്ത എല്ലാവര്‍ക്കും പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിന്റെ പശ്ചാതലത്തിലാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

ലോകത്ത് മത സൗഹാര്‍ദം നല്ല രീതിയില്‍ നിലനില്‍ക്കുന്ന വളരെ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ് എന്ന് അബ്ദുല്‍ മുഅ്മിന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്നും അത് മനസിലാകണമെങ്കില്‍ അമിത് ഷാ കുറച്ചു നാള്‍ ബംഗ്ലാദേശില്‍ വന്ന് താമസിക്കണമെന്നും മുമീന്‍ പറഞ്ഞു. അതിലൂടെ തങ്ങളുടെ രാജ്യത്തെ മതപരമായ ഐക്യം കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. അവിടത്തെ ജനത അവര്‍ക്കു വേണ്ടി തന്നെ പൊരുതേണ്ട അവസ്ഥയാണ്. ബംഗ്ലാദേശുമായി നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തിന് വിലങ്ങു തടിയാവുന്ന ഒന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും പാക്കിസ്താനിലും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അവരെ സംരക്ഷിക്കാന്‍ കൂടിയാണ് പൗരത്വ ഭേദഗതി ബില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.