മുന്നറിയിപ്പില്ലാതെ ബാണാസുര ഡാം ഷട്ടര്‍ തുറന്നു; വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി

 

 

മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ത്തിയതോടെ നിരവധി വീടുകളും നൂറ് കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളും വെള്ളത്തിലായി. അപ്രതീക്ഷിതമായി ഷട്ടറുകള്‍ ഉയര്‍ത്തിയത് കെ എസ് ഇ ബിയുടെ നിരുത്തരവാദ സമീപനമായെന്നും ഇതാണ് വന്‍ നാശനഷ്ടമുണ്ടാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഷട്ടര്‍ തുറന്നതോടെ പടിഞ്ഞാറത്തറ മാടത്തും പാറയിലെ 25 ഓളം വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. മാടത്തുംപാറ കോളനിയിലെ ആറ് വീടുകള്‍ വെള്ളത്തിനടിയിലായി. ആറു വാളിലും നിരവധി വീടുകള്‍ വെള്ളത്തിന്നടിയിലായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് രണ്ട് ദിവസം മുന്‍പ് ഉയര്‍ത്തിയ ഡാം ഷട്ടര്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് വന്‍തോതില്‍ വീണ്ടും ഉയര്‍ത്തിയത്. ചൊവ്വാഴ്ച രണ്ട് ഷട്ടര്‍ അന്‍പത് സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരിന്നു. എന്നാല്‍ ഡാമില്‍ വെള്ളം നിറയുന്നത് ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്നാണ് വന്‍തോതില്‍ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നത്. ഇന്നലെ രാവിലെ ആറ് മണിക്ക് ഡാമില്‍ ശേഖരിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ വെള്ളം ഉയരുകയും ഡാമിന്റെ സംഭരണ ശേഷിയേക്കാള്‍ വെള്ളം കുടുകയും ഷട്ടറിന്റെ മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡാം അധികൃതര്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒന്നര മീറ്ററിലധികം ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു. ഡാം തുറന്നതോടെ പുതുശ്ശേരിപുഴ കരകവിഞ്ഞൊഴുകുകയും വീടുകളിലും ക്യഷിയിടങ്ങളിലും വെള്ളം കയറുകയും ചെയ്തു. ഉച്ചക്ക് ശേഷം പല തവണകളിലായി ഷട്ടര്‍ തുറക്കുകയും 2.30 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. നാല് ഷട്ടറുകള്‍ 57.05 സെന്റീമീറ്റര്‍ ഉയര്‍ത്തിക്കഴിഞ്ഞു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിരവധി ഗ്രാമീണ റോഡുകളും വെള്ളത്തിന്നടിയിലായി. പടിഞ്ഞാറത്തറ മാടത്തുംപാറ കോളനി റോഡ് കൂവലത്തോട് റോഡ്, കാപ്പുണ്ടിക്കല്‍ റോഡ്, തരുവണ ആറുവാള്‍ തോട്ടോളിപ്പടി റോഡ് തുടങ്ങി നിരവധി റോഡുകള്‍ വെള്ളത്തിന്നടിയിലായി. അതിനിടെ വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിട്ടും വൈകുന്നേരമായിട്ടും പലയിടങ്ങളിലും ഉള്ള ഒറ്റപ്പെട്ടവരെ മാറ്റി താമസിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴക്കാലമായാല്‍ ഷട്ടര്‍ തുറക്കുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ദുരിതം മാത്രമാണ് വിതച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ വീട് വിട്ട് ദുരിതാശാസ ക്യാമ്പുകളിലും ബന്ധുവിടുകളിലേക്കും മാറി താമസിക്കേണ്ട സ്ഥിതിയാണുള്ളത്. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയില്‍ ശാന്താമണിയുടെ വീട് വെള്ളത്തിന്നടിയിലാണ്.
കിടപ്പിലായ ശാന്തയുടെ പിതാവ് ഉണ്ണിക്കനെ (90) യും മണിയുടെ പിതാവ് ശങ്കരനെ (68) യും എങ്ങോട്ടും മാറ്റാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ശാന്താമണി.

ബാണാസുര ഡാമില്‍
മുഴുവന്‍ ഷട്ടറും തുറന്നു

പടിഞ്ഞാറത്തറ: ബാണാസുര ഡാം കമ്മീഷന്‍ ചെയ്തതിന് ശേഷമാദ്യമായി ഏറ്റവും കൂടിയ തോതില്‍ വെള്ളം ഇന്നലെ മുതല്‍ ഷട്ടറുകള്‍ തുറന്നൊഴുക്കിവിടാനാരംഭിച്ചു.1999 ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയുടെ റിസര്‍വ്വൊയറില്‍ നിന്നും നാല് ഷട്ടറുകള്‍ 2.30മീറ്റര്‍ ഉയര്‍ത്തിയാണ് ഇന്നലെ മുതല്‍ വെള്ളം തുറന്നുവിടുന്നത്.ഏറ്റവും കൂടുതല്‍ അളവില്‍ വെള്ളം തുറന്നു വിടുന്നതിന് പുറമെ കൂടുതല്‍ ദിവസങ്ങളില്‍ വെള്ളം തുറന്നുവിടുന്ന കാലവര്‍ഷമെന്ന പ്രത്യേകതയും ഈ കാലവര്‍ഷത്തിനാണ്.
റിസര്‍വ്വൊയറിന്റെ സംഭരണ ശേഷിയായ 775.6 മീറ്റര്‍ വെള്ളം നിറഞ്ഞതോടെ ജൂലെ 15 നായിരുന്നു ഒരു ഷട്ടര്‍ 20 സെ.മീ.ഉയര്‍ത്തി വെള്ളം തുറന്നുവിടാനാരംഭിച്ചത്. തൊട്ടുത്ത ദിവസം ഇത് മൂന്ന് ഷട്ടറുകള്‍ തുറന്ന് 90 സെ.മീ വരെയാക്കി. പിന്നീട് മഴയുടെ തോതനുസരിച്ച് കൂട്ടിയും കുറച്ചും വെള്ളം തുറന്നു വിടുകയായിരുന്നു. ചെവ്വാഴ്ച രാത്രിയില്‍ രണ്ട് ഷട്ടറുകളില്‍ കൂടി 50 സെന്റീ മീറ്റര്‍ ഉയര്‍ത്തിയായിരുന്നു വെള്ളം തുറന്നുവിട്ടത്.
രാത്രിയിലും ഇന്നലെയും മഴ കനത്തതോടെ ഇന്നലെ രാവിലെ മുതല്‍ വെള്ളം തുറന്നു വിടുന്നതിന്റെ തോത് വര്‍ദ്ധിപ്പിച്ച്. വൈകുന്നേരത്തോടെ 2.3 മീറ്ററിലാക്കുകയായിരുന്നു. ഇതോടെ സെക്കന്റില്‍ 169.3 ക്യുബിക് മീറ്റര്‍ വെള്ളമാണ് കരമാന്‍തോട്ടിലേക്കൊഴുക്കുന്നത്. കരമാന്‍തോടിനേട് ചേര്‍ന്ന് താമസിക്കുന്നവരും കൃഷിയിറക്കിയവരും കന്നുകാലികളെ മേയ്ക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

SHARE