മഹീന്ദ്ര ഫാക്ടറി കാന്റീനുകളില്‍ ഉണ്ണാന്‍ ഇനി പ്ലേറ്റില്ല, പകരം വാഴയില- കാരണം ഇതാണ്!

മുംബൈ: ഫാക്ടറികളിലെ ജോലിക്കാര്‍ക്കായി മഹീന്ദ്ര കമ്പനി ഇനി ഊണ്‍ വിളമ്പുന്നത് വാഴയിലയില്‍. ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്നെയാണ് ഈ തീരുമാനമെടുത്തത്.

മഹീന്ദ്രയെ ഇതിനു പ്രേരിപ്പിച്ച കാരണമാണ് ഏറെ കൗതുകകരം. മാദ്ധ്യമപ്രവര്‍ത്തകന്‍ പദ്മ രാംനാഥ് അയച്ച ഒരു ഇ-മെയില്‍ സന്ദേശമാണ് ആനന്ദിന്റെ മനസ്സു മാറ്റിയത്. പ്രതിസന്ധിയുടെ കാലത്ത് പ്ലേറ്റിനു പകരം വാഴയില ഉപയോഗിക്കുന്നു എങ്കില്‍ കര്‍ഷകര്‍ക്ക് അതൊരു ഉപകാരമാകും എന്നായിരുന്നു പദ്മയുടെ മെയില്‍. ആനന്ദിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ തീര്‍ത്തും അവിചാരിതമായ ഒരു മെയില്‍. അത്രമാത്രം.

എന്നാല്‍ കര്‍ഷകരെയും ദിവസ വേനതക്കാരെയും ലോക്ക് ഡൗണ്‍ പ്രതികൂലമായി ബാധിച്ചു എന്ന് നേരിട്ട് അറിയാവുന്ന മഹീന്ദ്ര മേധാവി പ്ലേറ്റുകള്‍ക്ക് പകരം തല്‍ക്കാലം വാഴയില മതി എന്ന് ഫാക്ടറികളില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ ഉള്ളതു കൊണ്ട് കുറച്ചു പേര്‍ മാത്രമാണ് ഇപ്പോള്‍ മഹീന്ദ്രയുടെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് വാഴയിലയില്‍ ഭക്ഷണം വിളമ്പുന്നതിന്റെയും ജീവനക്കാര്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ മഹീന്ദ്ര സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.

ആദ്യ ഒരു മണിക്കൂറിനുള്ളില്‍ 13000 തവണയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ കുറിപ്പ് ലൈക്ക് ചെയ്യപ്പെട്ടത്. ആനന്ദിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ധാരാളം മനുഷ്യസ്‌നേഹികളായ ബിസിനസുകാരെയൊന്നും കണ്ടിട്ടില്ലെന്നും നിങ്ങളെ പോലുള്ളവരാണ് ഈ രാജ്യത്തിന്റെ നന്മയെന്നും അലോക് ഗുപ്ത എന്ന യൂസര്‍ പറഞ്ഞു.

https://twitter.com/alokg2k/status/1248196943664185346

കോവിഡിനെ നേരിടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ദിവസവരുമാനക്കാരെയും കര്‍ഷകരെയുമാണ്. സാമ്പത്തിക മേഖലയിലെ തിരിച്ചടി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികള്‍ വിലയിരുത്തുന്നു.