ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം; മെസ്സിക്ക് വെല്ലുവിളി ഉയര്‍ത്തി വാന്‍ ഡൈക്ക്

ലോകത്തിലെ മികച്ച പുരുഷ-വനിതാ താരങ്ങള്‍ക്ക് നല്‍കി വരുന്ന ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനത്തിന് മണിക്കുറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 1 മണിക്കാണ് പുരസ്‌കാര ചടങ്ങ് ആരംഭിക്കുക. പാരിസിലെ ഡ്യു ചാറ്റ്‌ലെറ്റ് തിയേറ്ററിലാണ് ചടങ്ങ് അരങ്ങേറുന്നത്.

ഇത്തവണ ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി തന്നെയാണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.എന്നാല്‍ ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡൈക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 2019 ലെ യൂറോപ്പിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് വാന്‍ ഡൈക്ക് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നിലെ അവിഭാജ്യ ഘടകമായിരുന്നു വാന്‍ ഡൈക്ക്. ഫിഫയുടെ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍ വോട്ടെടുപ്പില്‍ മെസ്സിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും ഈ നെതര്‍ലാന്‍ഡുകാരനായി.

ഫിഫയും ബാലണ്‍ദ്യോറും വഴിപിരിഞ്ഞ ശേഷം നടക്കുന്ന നാലാമത്തെ പുരസ്‌കാര പ്രഖ്യാപന ചടങ്ങാണ് ഇത്തവണത്തേത്. 2016 മുതലാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരം വേറെ തന്നെ നല്‍കിവരുന്നത്. 2016, 2017 വര്‍ഷങ്ങളില്‍ യുവെന്റസിന്റെ പോര്‍ച്ചുഗള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചാണ് പുരസ്‌കാരം നേടിയത്.
വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മേഗന്‍ റാപ്പിനോയാണ് കിരീട സാധ്യതയില്‍ മുന്നില്‍. അമേരിക്കയുടെ വനിതാ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു റാപ്പിനോ. ലോകമെമ്പാടുമുള്ള 180ഓളം വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര നിര്‍ണയം.

SHARE