ബാല്‍ക്കണി സര്‍ക്കാര്‍ ഗ്രൗണ്ടിലേക്കും നോക്കണം; മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കമല്‍ഹാസന്‍

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നതിനിടെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി നടനും തമിഴ് രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ആളുകള്‍ വളരെ ആഴത്തിലുള്ളതും കരുതലിന്റെതുമായ ഒരു നോട്ടം നിലത്തേക്കും നോക്കണമെന്നായിരുന്നു കമല്‍ഹാസന്റെ വിമര്‍ശനം.

രാജ്യത്ത് മൂന്നാഴ്ചയായി തുടരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ അവസാന ദിവസം മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം നടന്നത് സൂചിപ്പിച്ചാണ് കമല്‍ ഹാസന്‍ ബാല്‍ക്കണി ടാസ്‌കുകളുമായി എത്തുന്ന മേദിസര്‍ക്കാരിനെതിരെ ട്വിറ്ററില്‍ തുറന്നടിച്ചത്. കുടിയേറ്റ പ്രതിസന്ധി കൊറോണയേക്കാള്‍ വലിയ പ്രതിസന്ധിയാകുമെന്നും ബാല്‍ക്കണി സര്‍ക്കാര്‍ നിലത്ത് എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും കമല്‍ഹാസന്‍ കേന്ദ്രത്തോട് പറഞ്ഞു.

‘ബാല്‍ക്കണിയിലെ എല്ലാ ആളുകളും നിലത്തേക്ക് വളരെ നീണ്ടതും കഠിനവുമായ ഒരു നോട്ടം എടുക്കുന്നു.
ആദ്യം ഡല്‍ഹിയിലായിരുന്നു, ഇപ്പോള്‍ മുംബൈയിലുമെത്തി. കുടിയേറ്റ പ്രതിസന്ധി ഒരുവലിയ ടൈം ബോംബാണ്. കൊറോണയേക്കാള്‍ വലിയ പ്രതിസന്ധിയാകുന്നതിന് മുമ്പ് അത് നിര്‍ജ്ജീവമാക്കേണ്ടതുണ്ട്.
ബാല്‍ക്കണി സര്‍ക്കാര്‍ നിലത്ത് എന്താണ് സംഭവിക്കുന്നതെന്ന്കൂടി ശ്രദ്ധിക്കണം.’ കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഏപ്രില്‍ 14 അനസാനിക്കുമെന്ന് പ്രതീക്ഷിച്ച് രാജ്യത്തെ പ്രധാന റെയല്‍വേസ്റ്റേഷനുകളില്‍ നിരവധി കുടിയേറ്റതൊഴിലാളികളാണ് നാട്ടില്‍പോവാനായി എത്തിയത്. രാജ്യവ്യാപക ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ മുംബൈയിലെ ബാന്ദ്രയില്‍ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി ഇറങ്ങിയത് സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള വാക്‌പോരിലേക്ക് എത്തിയിരിക്കുകയാണ്.