ബാലക്കോട്ട് ഇപ്പോഴും പഴയ പോലെ തന്നെയുണ്ടെന്ന്

ന്യൂഡല്‍ഹി: 250 ഓളം ജെയ്‌ഷെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്നാണ് ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തെ പറ്റി ഇന്ത്യ ഇപ്പോഴും പറയുന്നത്. ഔദ്യോഗികമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ ബലാകോട്ട് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം ഇപ്പോഴും പഴയ അതേ സ്ഥിതിയില്‍ അതേ സ്ഥലത്ത് ഉണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാലകോട്ടിലെ മതപഠന കേന്ദ്രത്തിന്റെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ റോയിട്ടേഴ്‌സാണ് ഇക്കാര്യം ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വകാര്യ സാറ്റ്‌ലൈറ്റ് ഓപ്പറേറ്ററായ പ്ലാനറ്റ് ലാബ്‌സ് ഐ.എന്‍.സി പുറത്തുവിട്ട ചിത്രത്തിലാണ് ബലാകോട്ടിലെ ജെയ്‌ഷെയുടെ മതപഠന കേന്ദ്രം വ്യക്തമായി പതിഞ്ഞിരിക്കുന്നത്.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായിട്ടാണ് ഈ പ്ലാനറ്റ് ലാബ്‌സ് ഐ.എന്‍.സി പ്രവര്‍ത്തിക്കുന്നത്. ജെയ്‌ഷെ മതപഠന കേന്ദ്രം കേടുപറ്റാതെ അവിടെത്തന്നെ ഉണ്ട് എന്നാണ് ചിത്രം വ്യക്തമാക്കുന്നത്. 2018 ഏപ്രിലില്‍ ലഭ്യമായ ചിത്രത്തില്‍നിന്നും വ്യത്യസ്തമായി ഒന്നും ഇപ്പോള്‍ കിട്ടിയ പുതിയ ചിത്രത്തില്‍ കണ്ടെത്താനായിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരക്കു കേടുപാടുകള്‍ പറ്റുകയോ ഭിത്തികള്‍ തകരുകയോ ചെയ്തിട്ടില്ല. കൂടാതെ ഈ പ്രദേശത്തെ മരങ്ങളൊന്നും നശിച്ചതായി കാണാനും കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു വ്യോമാക്രമണത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പരിക്കുകളും ഈ ചിത്രത്തില്‍ നിന്ന് കാണാന്‍ കഴിയില്ലെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

SHARE