കാറോടിച്ചത് ബാലഭാസ്‌കര്‍; നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് അര്‍ജുന്‍


തിരുവനന്തപുരം: അപകട സമയത്ത് വണ്ടിയോടിച്ചത് താനായിരുന്നില്ലെന്നും അതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍. ചികിത്സാ ചെലവടക്കം 1.21 കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും അര്‍ജുന്‍ കോടതിയെ അറിയിച്ചു.

അന്തരിച്ച ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍കക്ഷിയാക്കിയാണ് അര്‍ജുന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചത്. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, മാതാവ് എന്നിവരെയാണ് ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുള്ളത്. ബാലഭാസ്‌കറിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകട കാരണമെന്നും അതിനാല്‍ തനിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് അര്‍ജുന്‍ ആവശ്യപ്പെടുന്നത്.

അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആയിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാലഭാസ്‌ക്കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും മൊഴിയിലും അര്‍ജുനനാണ് വണ്ടിയോടിച്ചതെന്ന് പറയുന്നുണ്ട്. അര്‍ജുന് തലക്ക് പരിക്കേറ്റത് മുന്നിലെ സീറ്റിലിരുന്നതിനാലാണ്. ബാലഭാസ്‌കര്‍ അപകട സമയത്ത് പിന്‍സീറ്റിലായിരുന്നെന്നും ഭാര്യ ലക്ഷ്മി മാത്രമായിരുന്നു സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

SHARE