‘മുസ്‌ലിംകള്‍ പൗരത്വം തെളിയിക്കണം, ഗോമാംസം കഴിച്ചാല്‍ വിവരമറിയും’; ത്രിപുരയില്‍ സംഘ്പരിവാറിന്റെ റാലി

ന്യൂഡല്‍ഹി: ബീഫ് നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ത്രിപുരയില്‍ സംഘ്പാരിവാര്‍ സംഘടനകളുടെ റാലി. ബീഫ് കഴിക്കരുതെന്നും കഴിച്ചാല്‍ ഭവിഷത്ത് നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കിയാണ് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ റാലിയില്‍ മുസ്‌ലിംകള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ഞങ്ങള്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗോമാംസം അനുവദിക്കില്ലെന്നുമാണ് ബജ്‌റംഗ്ദളിന്റെ വാദം. പശ്ചിമ ത്രിപുരയിലെ ജോയ്‌നഗര്‍ വില്ലേജിലാണ് ഗോമാംസം കഴിച്ചാലും കന്നുകാലി കച്ചവടം നടത്തിയാലും ഭവിഷത്ത് നേരിടേണ്ടി വരുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയുള്ള റാലി നടത്തിയത്. കൂടാതെ മുസ്‌ലിംകള്‍ പൗരത്വം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡുള്‍പ്പെടെ കാണിക്കമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു. സി.പി.എം ഭരണത്തില്‍ ഗോമാംസം പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇത് ഹിന്ദുക്കളുടെ പ്രദേശമാണ്. ഗോമാംസം വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ അവര്‍ക്കുമേല്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ തയ്യാറാകേണ്ടിവരുമെന്നാണ് വി.എച്ച്.പി ഓര്‍ഗനൈസേഷണല്‍ സെക്രട്ടറി അമല്‍ ചക്രബോര്‍ത്തിയുടെ ഭീഷണി.

അതേസമയം, കോണ്‍ഗ്രസ്സും സി.പി.എമ്മും ഇതിനെതിരെ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരാണ് ഗോമാംസം നിരോധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് പ്രദ്യോട്ട് കിഷോര്‍ മാണിക്യ പറഞ്ഞു. നിയമപരമല്ലാത്ത അറവുശാലകളോ മറ്റോ കണ്ടെത്തുകയാണെങ്കില്‍ പൊലീസില്‍ പരാതി നല്‍കി മുന്നോട്ട് പോവുകയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി നടത്തിക്കൊണ്ടുവരുന്ന അസഹിഷ്ണുതയാണ് ഇവിടേയും കാണിക്കുന്നതെന്ന് സി.പി.എം നേതാവ് പബിത്ര കര്‍ പറഞ്ഞു. റാലിയില്‍ ഉയര്‍ന്നുകേട്ട ഭീഷണി മുദ്രാവാക്യങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പബിത്ര കര്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ബീഫ് നിരോധനമുള്‍പ്പെടെയുള്ള നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ത്രിപുരയില്‍ മുമ്പ് ഭരണത്തിലിരുന്ന സി.പി.എം സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ദളിതുകള്‍പ്പെടെയുള്ള ഒരു വലിയ വിഭാഗം ജനങ്ങള്‍ കന്നുകാലികളുടെ തൊലി വിറ്റും കന്നുകാലി കച്ചവടം നടത്തിയും ജീവിക്കുന്നവരാണ്. ന്യൂനപക്ഷങ്ങള്‍ ഭക്ഷണ ആവശ്യത്തിനും കന്നുകാലികളെ ആശ്രയിക്കുന്നുണ്ടെന്നും അന്ന് വ്യക്തമാക്കിയിരുന്നെന്ന് ത്രിപുരയിലെ സി.പി.എം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു.