സുരേന്ദ്രന് ജാമ്യമില്ല; ബിജെപി ജനറല്‍ സെക്രട്ടറിക്ക് ജയിലില്‍ തുടരും

 

ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. റാന്നി മുന്‍സിഫ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നിഷേധിച്ചത്. 52 വയസുള്ള സ്ത്രീയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ തനിക്കെതിരെ പ്രതികാര നടപടിയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അയ്യപ്പധര്‍മ്മം സംരക്ഷിക്കാന്‍ നിലകൊള്ളുമെന്നും എല്ലാം നിയമവഴിയില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഞാന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയത്. സുതാര്യമല്ലാത്ത ഒന്നും ഇതുവരെ നടത്തിയിട്ടില്ല. ഇനി നടത്താനും പോകുന്നില്ല സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്.

തൃശൂര്‍ സ്വദേശിനി ലളിതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ 120 ബി ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.

ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.

അതേസമയം കണ്ണൂരില്‍ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

SHARE