തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവായ പ്രതിയ്ക്ക് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാറിനും ആഭ്യന്തരവകുപ്പിനുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിയായ പത്മനാഭന് ജാമ്യം കിട്ടിയ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കണമെന്നും അന്വേഷിക്കുന്ന ഘട്ടത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാലത്തായി കേസില്‍ അതില്‍ ഉള്‍പ്പെ്ട്ട പ്രതിക്ക് ജാമ്യം കിട്ടാനുണ്ടായ സംഭവം ഗൗരവപൂര്‍വ്വം ഗവണ്‍മെന്റ് പരിശോധിക്കേണ്ടതാണ്. ആ കേസ് അന്വേഷിക്കുന്നതില്‍ ഏതെങ്കിലും ഘട്ടത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ പ്രത്യേകം പരിശോധിക്കണം, കോടിയേരി വ്യക്തമാക്കി.
ഇതുപോലുള്ള പ്രധാനപ്പെട്ട കേസ് കൈകാര്യം ചെയ്യുമ്പോള്‍ അതത് ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട വിധം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടണം. പോലീസ് അന്വേഷണം ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതെന്നും ശേഷം നടപടികള്‍ മുന്നോട്ടുപോകാനായി ശ്രമിച്ചതായിട്ടാണ് കാണുന്നതെന്നും കോടിയേരി വ്യക്തമാക്കി. കേസില്‍ പ്രതിയ്ക്ക് ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാകരുതായിരുന്നു. ഇതില്‍ പ്രോസിക്യൂഷന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘം സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തില്‍ പോക്സോ ഒഴിവാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് ഒന്നും പറയാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൊണ്ട് സംഭവിച്ച വീഴ്ചകള്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയം കൂടിയാണെന്ന് സൂചിപ്പിച്ചിരുന്നു. കൊടിയേരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൊണ്ട് സംഭവിച്ച വീഴ്ചകള്‍ ഇന്‍ലിജെന്‍സ് വിഭാഗത്തിന്റെ പരാജയം കൂടിയാണെന്ന് പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ കേരളീയ പൊതുസമൂഹത്തിന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടു. ഒന്നുകില്‍ ഇന്റലിജെന്‍സ് സംവിധാനം മുഖ്യമന്ത്രിയെ കൃത്യമായി കാര്യങ്ങള്‍ യഥാസമയം ബോധ്യപ്പെടുത്തുന്നില്ല. അഥവാ അവര്‍ ശരിയായ വിവരങ്ങള്‍ നല്‍കിയെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അത് ഗൗനിക്കുന്നില്ല. എങ്ങനെയാലും ഇത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ വീഴ്ച തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.