മനാമ: ബഹ്റൈനില്‍നിന്ന് വന്ദേഭാരത് വിമാനങ്ങള്‍ക്ക് ടിക്കറ്റെടുക്കാന്‍ പുതിയ സംവിധാനം. വെബ്സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ടിക്കറ്റ് ബുക്കിങ് നടത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതുവരെ എംബസിയില്‍ നിന്ന് അപ്രൂവല്‍ ലഭിക്കുന്നവര്‍ എയര്‍ ഇന്ത്യാ ഓഫീസിനു മുന്നില്‍ ചെന്ന് ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്ന രീതിയായിരുന്നു.
അതേ സമയം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പാസ്പോര്‍ട്ട് വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറും നിര്‍ബന്ധമായും നല്‍കണം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബുക്കിങ് അവസാനിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതിനിടെ, വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ കേരളത്തിലേക്ക് നാല് വിമാനങ്ങള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഈ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈനായോ ഏജന്റ് മുഖേനയോ ബുക്കിങ് നടത്താം. ആഗസ്റ്റ് അഞ്ചിനും 12നും കൊച്ചിയിലേക്കും ആറിനും 13നും കോഴിക്കോട്ടേക്കുമാണ് സര്‍വീസ്.
കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് 1 മണിക്കും കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 12.35നും പുറപ്പെടും. കൊച്ചിയിലേക്ക് 92 ദിനാറും കോഴിക്കോട്ടേക്ക് 87 ദിനാറുമാണ് ഇപ്പോള്‍ നിരക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും https://www.airindiaexpress.in/en സന്ദര്‍ശിക്കുക.