ഖത്തറിനെതിരായ ഉപരോധം; ഖത്തര്‍ പൗരന്‍മാര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍

മനാമ: ഖത്തര്‍ പൗരന്‍മാര്‍ക്ക് ബഹ്‌റൈനിലേക്ക് വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ ഭരണകൂടം നിര്‍ത്തലാക്കി. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്. ആഭ്യന്തരമന്ത്രാലയം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കി.

തീരുമാനം ഈദ് അവധിക്കു മുന്‍പേ എടുത്തിരിന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭിച്ചത്. ഖത്തറിനെതിരായ ജി.സി.സി ഉപരോധത്തില്‍ ബഹ്‌റൈന്‍ പങ്കാളിയാണെങ്കിലും വിസ അനുവദിക്കുന്നതിന് ഇതുവരെ തടസ്സങ്ങളുണ്ടായിരുന്നില്ല.

ഖത്തരി പൗരന്‍മാര്‍ക്ക് എതിരായ നടപടിയല്ല ഇത്. അവരുമായി സഹോദരസമാനമായ ബന്ധമാണ് ബഹ്‌റൈന്‍ പുലര്‍ത്തിപ്പോരുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഖത്തര്‍ തുടര്‍ച്ചയായി ചെയ്തുവരുന്നതെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ബഹ്‌റൈനില്‍ പഠിക്കുന്ന ഖത്തര്‍ പൗരന്മാരായ വിദ്യാര്‍ഥികള്‍ക്ക് വിസാ വിലക്ക് ബാധിക്കില്ല. മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്ത് ഖത്തര്‍ പൗരന്മാരായ വിദ്യാര്‍ഥികളെ വിലക്കില്‍ നിന്നും ഒഴിവാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികളെ വിസ നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ മനാമ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്വാഗതം ചെയ്തു.