ഉപരോധത്തിനിടെ ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ബഹ്‌റൈൻ പ്രധാനമന്ത്രി

ദോഹ: ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്നതിനിടെ ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. റമസാൻ ആശംസ നേരുന്നതിനു വേണ്ടിയാണ് ഖലീഫ ബിൻ സൽമാൻ ഖത്തർ അമീർ ശൈഖ് തമീൻ ബിൻ ഹമദ് അൽത്താനിയെ വിളിച്ചതെന്ന് ബഹ്‌റൈന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഖത്തറിനെ ബഹിഷ്‌കരിക്കുന്ന അറബ് രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ.

2017 ൽ സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈൻ രാജ്യങ്ങൾ ഖത്തറിനു മേൽ ഏർപ്പെടുത്തിയ നയതന്ത്ര, വാണിജ്യ ഉപരോധം ഇനിയും പിൻവലിച്ചിട്ടില്ല. ഭീകരതയെ പിന്തുണക്കുന്നു എന്നാക്ഷേപിച്ചായിരുന്നു ഉപരോധം. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ഖത്തർ അറബ് രാജ്യങ്ങളുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവകാശപ്പെട്ടു

ഒരാഴ്ച മുമ്പ് സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തറിന്റെ ഒരു നാവിക കപ്പൽ യു.എ.ഇ പിടിച്ചെടുത്തിരുന്നു. തിങ്കളാഴ്ച നാവികരെയും കപ്പലിനെയും യു.എ.ഇ വിട്ടയച്ചു. യു.എ.ഇയുടെ നടപടിയെ ഖത്തർ സ്വാഗതം ചെയ്തിരുന്നു.