ഇന്ന് ജൂണ്‍ 14 ലോകം ഒരിക്കല്‍ കൂടി രക്തദാന ദിനം ആചരിക്കുമ്പോള്‍ കൊറോണക്കാലത്തും തളരാതെ രക്തദാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ബഹ്‌റൈന്‍ കെ.എം.സി.സി.
കഴിഞ്ഞ 11 വര്‍ഷമായി തുടരുന്ന ജീവ സ്പര്‍ശം പദ്ധതിയിലൂടെയാണ് സ്വദേശിവിദേശി വ്യത്യാസമില്ലാതെ പ്രതിസന്ധിഘട്ടത്തിലും രക്തദാനം നടത്തി പവിഴദ്വീപില്‍ കെ.എം.സി.സി കരുതലൊരുക്കുന്നത്. . യഥാസമയം രക്തം ലഭ്യമാക്കാന്‍ കെ.എം.സി.സിയുടെ കരുതല്‍ സ്പര്‍ശത്തിലൂടെ സാധിച്ചു. കൊവിഡും ലോക്ക്ഡൗണും കാരണം ആളുകള്‍ രക്തം നല്‍കാന്‍ മടിച്ചുനിന്നപ്പോള്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ സന്നദ്ധരായി മുന്നോട്ടുവന്നതിനെ അഭിനന്ദിച്ച് ഭരണകൂടവും രംഗത്തെത്തിയിരുന്നു.
കെ.എം.സി.സി പ്രവര്‍ത്തകര്‍ പത്ത് ദിവസത്തോളം തുടര്‍ച്ചയായാണ് ആശുപത്രികളിലെത്തി രക്തദാനം നടത്തിയത്. നിലവില്‍ 31 ക്യാംപുകളിലായി അയ്യായിരത്തോളം പേരാണ് രക്തദാനം നടത്തിയത്. കൂടാതെകേരള ത്തില്‍ സി.എച്ച് സെന്ററുമായും സ്പര്‍ശം ബ്ലഡ് ഡോണേഴ്‌സ് കൂട്ടായ്മയായും സഹകരിച്ച് രക്തദാനം നടത്തിവരുന്നുണ്ട്.

ഈ വര്‍ഷം സാഹചര്യം അനുസരിച്ചു രക്തദാന ക്യാംപുകള്‍ സൗകര്യങ്ങള്‍ ലഭ്യമായാല്‍ സംഘടിപ്പിക്കുമെന്നും കൂടാതെ എക്‌സ്‌പ്രെസ് ക്യാമ്പുകളും നടത്തും രക്തദാനം ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിന് തുല്ല്യമാണെന്നും അതിന് എല്ലാവരും മുന്നോട്ടുവരണമെന്നും ജനറല്‍ കണ്‍വീനര്‍ എ പി ഫൈസല്‍ അഭ്യര്‍ത്ഥിച്ചു.
18നും 55നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. രക്തദാനം ചെയ്യുമ്പോള്‍ രക്തസമ്മര്‍ദം സാധാരണനിലയിലാകണമെന്ന് മാത്രം. ശരീരഭാരം കുറഞ്ഞത് 45 കിലോഗ്രാമെങ്കിലും വേണം. എച്ച്.ഐ.വി, സിഫിലിസ്, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ രോഗമുള്ളവരും മയക്കുമരുന്നിന് അടിമപ്പെച്ചവരും രക്തദാനം നടത്തരുത്. ഒരു വ്യക്തിയില്‍നിന്ന് ശേഖരിച്ച രക്തം പലവിധ പരിശോധനകള്‍ നടത്തിയ ശേഷമാണ് മറ്റൊരാളില്‍ ഉപയോഗിക്കുന്നത്.
രക്തദാനം ജീവദാനമാണെന്ന സന്ദേശവുമായാണ് ബഹ്‌റൈന്‍ കെ.എം.സി.സി ജീവസ്പര്‍ശവുമായി മുന്നോട്ടുപോകുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ ആയിരങ്ങളാണ് രക്തം സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ബഹ്‌റൈന്‍ ദേശീയ ദിനത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലും അത്യാവശ്യ സമയത്ത് ഇപ്പോള്‍ വിളിച്ചാലും കെഎംസിസി യുടെ നേതൃത്വത്തില്‍ രക്തം ദാനം ചെയ്യാറുണ്ട്. അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും കേന്‍സര്‍ രോഗികള്‍ക്കും വലിയൊരു വിഭാഗം ആളുകളും രക്തം ലഭിക്കാത്തതിനെ തുടര്‍ന്നു ബുദ്ധിമുട്ടാറുണ്ട്. പെട്ടെന്ന് രക്തം ആവശ്യമായി വരുന്നതിനാല്‍ തന്നെ അവ സംഘടിപ്പിക്കാനും പ്രയാസമാണ്.
ഇതിനെ തുടര്‍ന്നാണ് രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി ബഹ്‌റൈന്‍ കെ.എം.സി.സി ജീവസ്പര്‍ശം പദ്ധതി ആരംഭിച്ചത്. ഏത് സമയത്തും രക്തദാനത്തിന് സന്നദ്ധമായി നില്‍ക്കുന്ന നൂറുകണക്കിന് വളണ്ടിയര്‍മാരാണ് ബഹ്‌റൈന്‍ കെ.എം.സി.സിയുടെ കരുത്തെന്നുംകെഎംസിസി നേതാക്കള്‍ പറഞ്ഞു.
രക്തദാനത്തെ കുറിച്ച് അവബോധമില്ലാത്തതിനാല്‍ അതിന് മടിക്കുന്ന നിരവധിയാളുകളുണ്ട്. രക്തദാനം ആരോഗ്യത്തെ ദോശകരമായി ബാധിക്കില്ലെന്ന് ശാസ്ത്രീയമായി ബോധ്യപ്പെടുത്തുകവഴി തെറ്റിദ്ധാരണകള്‍ ഇല്ലാത്താക്കാമെന്നും ബഹ്‌റൈന്‍ കെ.എം.സി.സിയുടെ കരുതല്‍ സ്പര്‍ശം തെളിയിച്ചു. രക്തദാനത്തിനായി www. Jeevasparsham. Com. എന്ന പേരില്‍ ഒരു വെബ്‌സൈറ്റും blood book എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തരഘട്ടത്തില്‍ രക്തമെത്തിക്കുന്നതിന് 24 മണിക്കൂറും ലഭ്യമാകുന്ന ഡയരക്ടറിയും സജ്ജമാണ്. രക്ത ദാന പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകളാണ് ബഹ്‌റൈന്‍ കെഎംസിസിക്ക് ലഭിച്ചത്. ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയുടെയും അഭിനന്ദനങ്ങള്‍ നേടിയിരുന്നു.