ബഹ്റൈനില്‍ കൊവിഡ് -19 സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സെറ്റില്‍ ഒടുവില്‍ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ രണ്ട് പേര് രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം സല്‍മാബാദിലെ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 113 വിദേശ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.
ബഹ്റൈനില്‍ 66 വിദേശ തൊഴിലാളികള്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആകെ 74 പേര്‍ക്കാണ് വ്യാഴാഴ്ച ബഹ്റൈനില്‍ രോഗം സ്ഥിരീകരിച്ചത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ 47 വിദേശ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാ തൊഴിലാളികളെയും താമസസ്ഥലത്തുതന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികള്‍ക്കിടയില്‍ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച കൊവിഡ് ബാധിച്ച 44 പേരാണ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 381 ആയി.