ബദ്ര്‍: വിശ്വാസികള്‍ വീണ്ടെടുക്കേണ്ട ആത്മധൈര്യവും ഉള്‍ക്കരുത്തും

എം.എം മഖ്ദൂമി

” (ബദ്റില്‍ ) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. ( അവിശ്വാസികള്‍ക്ക് ) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ ( വിശ്വാസികള്‍ ) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്.” (വിശുദ്ധ ഖുര്‍ആന്‍ 3:13)
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളിലൊന്നായിരുന്നു ബദ്ര്‍ യുദ്ധം. നബി(സ) തന്നെ നേതൃത്വം നല്‍കിയ പ്രസ്തുത പോരാട്ടം ഇന്നും മുസ്‌ലിംകള്‍ക്ക് ആവേശം പകരുന്ന ചരിത്രമാണ്. ക്രൂരമായ പീഡനത്തിനിരകളാവുകയും വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തപ്പോഴാണ് മുസ്‌ലിംകള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. മുസ്‌ലിംകളുടെ ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കള്‍ ഖുറൈശികള്‍ കയ്യടക്കുകയും അത് മൂലധനമാക്കി ഒരു യുദ്ധഫണ്ട് രൂപീകരിക്കുകയും പ്രസ്തുത മൂലധനം കച്ചടവത്തിനുപയോഗിച്ച് ഫണ്ട് വര്‍ധിപ്പിക്കാനും അങ്ങനെ ഇസ്‌ലാമിനെ ഇല്ലാതാക്കാമെന്നുമുള്ള ഗൂഢനീക്കത്തെ തടയുകയായിരുന്നു വിശ്വാസികളുടെ ലക്ഷ്യം. അതിനാലാണ് അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള വര്‍ത്തകസംഘത്തെ വഴിതടയാന്‍ മുസ്‌ലിംകള്‍ തയ്യാറായത്. വര്‍ത്തകസംഘം രക്ഷപ്പെട്ട ശേഷവും അതിനെ സംരക്ഷിക്കാനായി പുറപ്പെട്ട ഖുറൈശികള്‍ ബദ്‌റില്‍ തങ്ങുകയും മദീനക്ക് തന്നെയും അവര്‍ ഭീഷണി ഉയര്‍ത്താന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അവരുമായി പോരാടാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒരു യുദ്ധം മുസ്്ലിംകള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയൊരു മുന്നൊരുക്കവും അവര്‍ നടത്തിയിരുന്നില്ല.

സര്‍വസന്നാഹങ്ങളുമുള്ള ആയിരങ്ങളെ വെറുംകയ്യോടെ നേരിട്ട മുന്നൂറ്റിപ്പതിമൂന്ന് പേര്‍ അതിജയിച്ചത് അവരുടെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് മാത്രമായിരുന്നു. അല്ലാഹുവിന്റെ നേരിട്ടുള്ള സഹായം ബദ്‌റിലുണ്ടായി. ഇഖ്‌ലാസ് കൊണ്ടാണ് അവര്‍ പടവെട്ടിയത്. സര്‍വശക്തനായ അല്ലാഹുവില്‍ മാത്രമായിരുന്നു അവര്‍ക്ക് പ്രതീക്ഷ. തുല്യതയില്ലാത്ത ആത്മാര്‍ത്ഥതയാണ് ദൈവിക സഹായത്തിന് അവരെ അര്‍ഹരാക്കിയത്. വിശ്വാസികളുടെ ഐക്യബോധവും സാഹോദര്യബന്ധവും ബദ്‌റില്‍ പ്രകടമായി. ആദര്‍ശത്തിന്റെ പേരിലായിരുന്നു അവര്‍ ഒന്നായിനിന്നതും ഒന്നിച്ചുപോരാടിയതും. വിശ്വാസസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം കൂടിയായിരുന്നുവത്.

ചരിത്രത്തില്‍ അനിവാര്യമായും സംഭവിക്കേണ്ട ഒരു പോരാട്ടമായിരുന്നു ബദ്ര്‍. ലോകചരിത്രത്തില്‍ ഏറ്റവും ശ്രേഷ്ഠവും ശ്രദ്ധേയവുമായ ധര്‍മസമരമാണ് ബദ്ര്‍. ഹിജ്റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനായിരുന്നു ബദ്ര്‍ യുദ്ധം നടന്നത്. എ ഡി 624 ജനുവരി മാസത്തില്‍. ബദ്റിന്റെ ചരിത്രം ഒരു സമുദായത്തിന്റെ ചരിത്രത്തിലുടനീളം ഉത്തേജകമായി വര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമിക സമൂഹത്തിന് പിന്നീടുണ്ടായ സര്‍വ വിജയത്തിനും പുരോഗതിക്കും നിമിത്തമായത് ബദ്‌റാണ്. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള നിയമാനുസൃത പോരാട്ടമായിരുന്നുവത്. നിരായുധരായ ചെറു സംഘത്തിനു മുമ്പില്‍ സായുധസജ്ജരായ വന്‍ പട തോറ്റോടേണ്ടി വന്നു. ഇസ്ലാമിന്റെ വിജയത്തിനും പുരോഗതിക്കും പ്രപഞ്ചനാഥന്‍ ആസൂത്രണം ചെയ്ത വിശുദ്ധ സമരമായിരുന്നു ബദ്ര്‍. പക്വതയുള്ള ഒരു നേതാവിനെ പൂര്‍ണമായി അനുയായികള്‍ അനുസരിച്ചതിന്റെ വിജയം. മനക്കരുത്തായിരുന്നു ബദ്‌രീങ്ങളുടെ ഊര്‍ജ്ജം. തങ്ങളുടെ സകലദൗര്‍ബല്യങ്ങളുടെയും പരാധീനതകളുടെയും പ്രതിവിധി അചഞ്ചലമായ വിശ്വാസമായിരുന്നു, പ്രവാചകന്റെ സാന്നിധ്യമായിരുന്നു, അല്ലാഹുവിലും പ്രവാചകനിലുമുള്ള കറകളഞ്ഞ വിശ്വാസമായിരുന്നു.

ഗോത്രഗര്‍വിന്റെ അധികാരമുഷ്ടിക്കെതിരെ തിരിച്ചടി ആവശ്യമായിരുന്നു. സത്യമെന്ന് ബോധ്യപ്പെട്ടത് വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശത്തിനായിരുന്നു വിശ്വാസികളുടെ പ്രതിരോധം. കുലമഹിമയുടെ ധാര്‍ഷ്ഠ്യത്തില്‍ സര്‍വരെയും ചൂഷണം ചെയ്ത് ആശ്രിതരാക്കി നിര്‍ത്താമെന്ന കുടില തന്ത്രങ്ങളാണ് ബദ്‌റില്‍ നിലംപതിച്ചത്. സത്യത്തിനും നീതിക്കുമായുള്ള വിശുദ്ധ സമരമായിരുന്നു ബദ്ര്‍.
ബദ്‌റിലേക്ക് പോയത് വെറുമൊരു ആള്‍ക്കൂട്ടമായിരുന്നില്ല. അല്ലാഹുവെന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നും അവര്‍ക്കില്ലായിരുന്നു. പ്രവാചകന്റെ കൂടെയുള്ള സഹവാസം അവരില്‍ നിറച്ച വെളിച്ചം ചെറുതായിരുന്നില്ല. ‘സത്യാസത്യ വിവേചന ദിനമാണ് ബദ്ര്‍’ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. യുദ്ധവും ബലപ്രയോഗവും ഇസ്ലാമിക പ്രബോധനത്തിന്റെ മാര്‍ഗമേ അല്ല. സംഹാരാത്മകതയെ മതം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ആത്മരക്ഷാര്‍ത്ഥവും വിശ്വാസ സംരക്ഷണാര്‍ത്ഥവുമുള്ള പ്രതിരോധമാണ് പ്രവാചകനും അനുയായികളും നിര്‍വഹിച്ചത്. അഭിപ്രായ, ചിന്താ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമായുള്ള പ്രതിരോധ സമരമാണ് ബദ്‌റില്‍ സംഭവിച്ചത്. വിചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അനിവാര്യമായ ധര്‍മസമരം.

നിരന്തരം ചോദ്യം ചെയ്യപ്പെട്ട സാമൂഹിക രാഷ്ട്രീയ സുരക്ഷയും കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്ന വിശ്വാസ, അഭിപ്രായ, പ്രബോധന സ്വാതന്ത്ര്യവും തങ്ങള്‍ക്കെതിരില്‍ വരിഞ്ഞുമുറുക്കപ്പെട്ട സാമൂഹിക ദുരാചാരങ്ങളും സാമ്പത്തിക ചൂഷണങ്ങളുമെല്ലാം ഫലപ്രദമായി പ്രതിരോധിക്കേണ്ടത് അനിവാര്യമായി വന്ന സാഹചര്യത്തിലാണ് മുസ്‌ലിംകള്‍ പ്രതിരോധത്തിന് തയ്യാറാവുന്നത്. കേവല ഭൗതിക താത്പര്യങ്ങളായിരുന്നോ സാമ്പത്തിക ലക്ഷ്യങ്ങളോ ആയിരുന്നില്ല ബദ്‌റില്‍ വിശ്വാസികള്‍ക്കുണ്ടായിരുന്നത്.
മുസ്‌ലിംകളെ എഴുന്നേറ്റ് നില്‍ക്കാന്‍ പ്രാപ്തമാക്കിയത് ബദ്‌റാണ്. അധിനിവേശത്തിന്റെ കൂര്‍ത്തനഖങ്ങളുമായി ഇസ്്‌ലാമിനെതിരെ തിരിഞ്ഞവരെയെല്ലാം പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ക്ക് ബദ്ര്‍ എന്നും കരുത്തായിട്ടുണ്ട്. സമകാലിക ലോകത്ത് ബദ്ര്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന തിരിച്ചറിവുകള്‍ ഏറെയാണ്. പാടിപ്പറഞ്ഞ് ആവേശം കൊള്ളാനുള്ള ചരിത്രം മാത്രമല്ല ബദ്ര്‍. ശക്തമായ വിശ്വാസം എത്രവലിയ ആപത്തുകളെയും തുരത്താനുള്ള കരുത്ത് പകരുമെന്ന തിരിച്ചറിവാണ് ബദ്‌റില്‍ നാം കണ്ടത്. അല്ലാഹുവോട് കൂടുതല്‍ അടുക്കാനും അവനെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാനും സാധിക്കുന്നവര്‍ക്കാണ് അവനില്‍ പ്രതീക്ഷ അര്‍പ്പിക്കാനാവുക. ബദ്‌രീങ്ങള്‍ അല്ലാഹുവിലര്‍പ്പിച്ച പ്രതീക്ഷ തുല്യതയില്ലാത്തതായിരുന്നു.

ബദ്‌റിന്റെ പേരും പറഞ്ഞ് അനാവശ്യ ആവേശം നിറച്ച് യുവതയെ വഴിതെറ്റിക്കാനും ചാവേറുകളാക്കാനുമല്ല, യഥാര്‍ത്ഥ വിശ്വാസത്തിലേക്കും ഇസ്‌ലാമിക ജീവിതത്തിലേക്കും യുവതയെ തിരിച്ചു നടത്താനാണ് ബദ്ര്‍ പറയുന്നത്. യഥാര്‍ത്ഥ വിശ്വാസത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പ്രതിരോധമായിരുന്നല്ലോ ബദ്ര്‍. നിരായുധരും നിസ്സഹായരും പരമദരിദ്രരുമായൊരു ന്യൂനപക്ഷം സര്‍വായുധസജ്ജരായ ഒരു സൈനിക ശക്തിയെ വിശ്വാസ, ആദര്‍ശ ബലം കൊണ്ടാണല്ലോ അതിജയിച്ചത്. ആള്‍ബലമോ ആയുധ ശേഷിയോ ആയിരുന്നില്ലല്ലോ ആ വിജയത്തിന്റെ ആത്യന്തിക രഹസ്യം. ആദര്‍ശപ്രചോദിതമായ ആത്മധൈര്യവും സത്യവിശ്വാസത്തിന്റെ സവിശേഷമായ ഉള്‍ക്കരുത്തുമായിരുന്നു. ചെറുസംഘമായിരുന്നുവെങ്കിലും അവര്‍ ഒറ്റ മനസ്സോടെ ഒന്നായി, ഒരു നേതാവിന് കീഴില്‍ മുന്നേറിയപ്പോഴാണ് വലിയ വിജയമുണ്ടായത്. ആ ഐക്യവും സാഹോദര്യ ബന്ധവും മുസ്‌ലിം സമുദായത്തിന് പ്രചോദനമാവേണ്ടതുണ്ട്.

SHARE