ഇടിമിന്നലും പൊടിക്കാറ്റും തുടരുന്നു; മരണം 71 ആയി, വിറച്ച് ഉത്തരേന്ത്യ

 

 

ന്യൂഡല്‍ഹി: രാജ്യത്തെ വിറപ്പിച്ച ശക്തമായ ഇടിമിന്നലിലും പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 71 ആയി. ശക്തമായ കൊടുങ്കാറ്റും പേമാരിയും അഞ്ചു സംസ്ഥാനങ്ങളിലാണ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്. ഉത്തര്‍പ്രദേശില്‍ മാത്രം 42 പേരാണ് മരിച്ചത്.
പശ്ചിമ ബംഗാളില്‍ 14ഉം ആന്ധ്രാപ്രദേശില്‍ 12 ഉം ഡല്‍ഹിയില്‍ രണ്ടും ഉത്തരാഖണ്ഡില്‍ ഒരാളും ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചയുമായി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യു.പിയിലെ 24 ജില്ലകളിലും ബംഗാളില്‍ ആറ് ജില്ലകളിലുമാണ് കൂടുതല്‍ കെടുതികളുണ്ടായത്. വിവിധയിടങ്ങളില്‍ കാറ്റില്‍ മരങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഉത്തര്‍ പ്രദേശിലെ സാംഭലില്‍ ഇടി മിന്നലിനെ തുടര്‍ന്നുണ്ടയ തീപിടുത്തത്തില്‍ 100ലേറെ വീടുകള്‍ കത്തിക്കരിഞ്ഞു.
യു.പിയില്‍ മാത്രം 12 ദിവസത്തിനിടെ 102 പേരാണ് കൊടുങ്കാറ്റും മഴയും മൂലം മരിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് യു.പിയില്‍ കാറ്റ് വീശിയത്. ഉത്തര്‍പ്രദേശില്‍ 83 പേര്‍ക്കും ഡല്‍ഹിയില്‍ 11 പേര്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ടു പേര്‍ക്കും പരുക്കേറ്റു. അടുത്ത 48 മുതല്‍ 72 മണിക്കൂര്‍ വരെ വടക്കേ ഇന്ത്യയില്‍ വ്യാപകമായി ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്നത്. ജനജീവിതത്തെ ബാധിക്കുന്ന വിധമുള്ള കാലാവസ്ഥക്കാണ് ഈ വിഭാഗത്തിലുള്ള മുന്നറിയിപ്പു നല്‍കുന്നത്. മുന്നിറിയിപ്പു മേഖലകളിലുള്ളവര്‍ അടിയന്തര സാഹചര്യം നേരിടാന്‍ എപ്പോഴും സജ്ജരായിരിക്കണമെന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞദിവസമുണ്ടായ അതിശക്തമായ പൊടിക്കാറ്റിലും മഴയിലും ഡല്‍ഹിയില്‍ നഗരജീവിതം സ്തംഭിച്ചിരുന്നു. 70 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റിനൊപ്പം മഴയും പെയ്തത് റോഡ്, റെയില്‍. വ്യോമ, മെട്രോ ഗതാഗതം തടസ്സപ്പെടുത്തി. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തേണ്ട 70 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

SHARE