റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)-കൃഷ്ണമോള്‍ ദമ്പതികളുടെ മകന്‍ ആഷ് വിനാണ് മരിച്ചത്. ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അമ്മുമ്മയുടെയും അയല്‍പക്കത്തെ കുട്ടികളോടെപ്പം കളിച്ചു കൊണ്ടിരുന്നപ്പോള്‍ റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ തൊണ്ടയില്‍ റമ്പൂട്ടാന്റെ കുരു കുടുങ്ങിയതോടെ ശ്വാസതടസം നേരിട്ടപ്പോള്‍ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപമുള്ള ബന്ധുക്കളും അയല്‍ വീട്ടില്‍ ഉണ്ടായിരുന്ന വിപിന്‍ലാലും ഓടി എത്തി. ഉടന്‍തന്നെ പൂച്ചാക്കലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍ ആയുഷ്. സംസ്‌കാരം നാളെ 12 നു നടക്കും.