ഇന്ദിരയുടെ പ്രതിരൂപമാണ് പ്രിയങ്ക ജനങ്ങള്‍ക്ക് വലിയ പ്രിയങ്കരിയാണ് അവര്‍-പ്രിയങ്ക ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി നേതാവ്

ഭോപ്പാല്‍: പ്രിയങ്ക ഗാന്ധി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ നേര്‍ പ്രതിരൂപമാണ് അവരെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയായിരുന്നു ബാബുലാല്‍ ഗൗര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായുണ്ടായ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനവും പ്രചാരണ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിന് വലിയ തോതില്‍ ഗുണം ചെയ്യുമെന്നും ബാബുലാല്‍ പറഞ്ഞു. ‘ജനങ്ങള്‍ക്ക് നെഹ്‌റു കുടുംബത്തോട് വലിയ താല്‍പര്യമാണുള്ളത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോട് പ്രത്യേകിച്ചും. അവരുടെ നേര്‍ പ്രതിരൂപമാണ് പ്രയങ്ക ഗാന്ധി’- ബാബുലാല്‍ പറഞ്ഞു. പ്രിയങ്കയുടെ പ്രത്യേകമായ വ്യക്തിത്വം അവരിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനു സഹായിക്കുന്നു. ആ ആള്‍ക്കൂട്ടങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായ സന്ദേശമാണ് കോണ്‍ഗ്രസിന് നല്‍കുന്നതെന്നും ബാബുലാല്‍ പറഞ്ഞു.

പ്രിയങ്ക പ്രചാരണങ്ങള്‍ നടത്തിയിട്ടുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.