രാമക്ഷേത്ര ഭൂമി പൂജയില്‍ മോദി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞാലംഘനം; വിമര്‍ശനവുമായി ഉവൈസി

ഹൈദരാബാദ്: അയോദ്ധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണെന്നും ഉവൈസി പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

‘പ്രധാനമന്ത്രിപദം വഹിക്കുന്ന നരേന്ദ്രമോദി ഭൂമി പൂജയില്‍ പങ്കെടുക്കുന്നത് ഭരണഘടനാ പ്രതിജ്ഞാ ലംഘനമാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളിലൊന്നാണ് മതേതരത്വം. 1992 ഡിസംബറില്‍ ക്രിമിനല്‍ ആള്‍ക്കൂട്ടം നശിപ്പിക്കുന്നതിന് മുന്‍പ് 400 വര്‍ഷത്തോളം അയോദ്ധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്നുവെന്ന കാര്യം മറക്കാന്‍ പറ്റില്ല’ – എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഔ്ട്ട് ലുക്ക് മാഗസിന് നല്‍കിയ അഭിമുഖം റിട്വീറ്റ് ചെയ്താണ് ഉവൈസിയുടെ പ്രതികരണം.

‘ബാബരി മസ്ജിദ് ആരില്‍ നിന്നും തട്ടിയെടുത്ത് ഉണ്ടാക്കിയതല്ല. 92 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ഈ വിധി വരുമായിരുന്നില്ല. പള്ളിയില്‍ 1949ല്‍ വിഗ്രഹം വന്നതെങ്ങനെ എന്ന ചരിത്രം നമുക്കറിയാം. ഇതാണ് 92ലെ ബാബരി ധ്വംസനത്തിലേക്ക് നയിച്ചത്. ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെട്ടതില്‍ പ്രശ്‌നങ്ങളില്ല. ഞങ്ങളുടേതായ വഴിയില്‍ അതു തുടര്‍ന്നു കൊണ്ടേയിരിക്കും’ – ഉവൈസി ഔട്ട്‌ലുക്കിനോട് പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയിലാണോ നരേന്ദ്രമോദി അയോദ്ധ്യയില്‍ പോകുന്നത് എന്ന് അദ്ദേഹം രാജ്യത്തോട് പറയണം. പ്രധാനമന്ത്രി ഏതെങ്കിലും മതത്തെ പ്രതിനിധീകരിക്കുന്നില്ല. മതവിശ്വാസികള്‍ അല്ലാത്തവരുടെ കൂടി പ്രധാനമന്ത്രിയാണ് അദ്ദേഹം- അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ.
രാവിലെ പതിനൊന്നരയ്ക്ക് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ, ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളുമായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ഭാഗവത് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. മൊത്തം 200 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

നിര്‍മാണത്തിനായി ഗംഗാജലമാണ് ഉപയോഗിക്കുക. ഹരിദ്വാറില്‍ നിന്നാണ് ജലമെത്തിക്കുക. വിശ്വഹിന്ദു പരിഷത്താണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ചടങ്ങ് നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് അയോദ്ധ്യ മുഴുവന്‍ അലങ്കരിക്കും. നഗരത്തിന്റെ വിവിധയിടങ്ങള്‍ പരിപാടികള്‍ തത്സമയം വീക്ഷിക്കാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്. പരിപാടി ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും.

326 കോടി രൂപ മുടക്കിയാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുന്നത്. 2019 നവംബറിലാണ് മസ്ജിന്റെ ഭൂമി ക്ഷേത്രത്തിനായി വിട്ടുകൊടുത്ത സുപ്രിംകോടതി വിധിയുണ്ടായിരുന്നത്. 200 അടി താഴ്ചയില്‍ നിന്നാണ് ക്ഷേത്രം കെട്ടിപ്പൊക്കുന്നത്. പിന്നീട് ഒരു തര്‍ക്കത്തിന് കാരണമാകരുത് എന്ന് കരുതിയാണ് ഇത്രയും താഴെ നിന്ന് അടിത്തറ കെട്ടുന്നത് എന്ന് ട്രസ്റ്റ് അംഗം കമലേശ്വര്‍ ചൗപല്‍ പറഞ്ഞു.

SHARE