ബാബരി മസ്ജിദ്‌കേസ്: സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യയില്‍ പള്ളി നിര്‍മ്മിക്കുന്നതിനായി സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. കോടതി നിര്‍ദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.

കോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടെതില്ലെന്ന് നേരത്തെ, മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. അയോധ്യ കേസിലെ വിധി വന്നതിനു പിന്നാലെ 2019 നവംബര്‍ 17നു ചേര്‍ന്ന മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിലായിരുന്നു ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട വിധിയിലായിരുന്നു അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.