ബാബരി കേസ്: വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ഹിന്ദുമഹാസഭ; റിവ്യുഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ രംഗത്ത്. അയോധ്യയില്‍ മുസ്ലിംങ്ങള്‍ക്ക് പള്ളി നിര്‍നമ്മിക്കാന്‍ അഞ്ചേക്കര്‍ നല്‍കണമെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ റിവ്യു ഹര്‍ജി നല്‍കും. കൂടാതെ പള്ളിയില്‍ 1949ല്‍ വിഗ്രഹം കൊണ്ടു വച്ചതും പള്ളി തകര്‍ത്തതും കോടതി വിധിയുടെ ലംഘനമാണ് എന്ന വിധിയിലെ നിരീക്ഷണം എടുത്തു കളയണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെടുന്നു.

കേസില്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, അഞ്ചേക്കര്‍ സ്ഥലം വേണ്ടെന്നാണ് കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ്.

ഹര്‍ജി അടുത്തയാഴ്ച ഫയല്‍ ചെയ്‌തേക്കും. ഹിന്ദു മഹാസഭയിലെ ശിശിര്‍ ചതുര്‍വേദി പക്ഷമാണ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയ്ന്‍ സംഘടനയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.