ബാബരി തകര്‍ത്ത കേസ്: മൂന്നു വര്‍ഷത്തിന് ശേഷം അദ്വാനിയോടും ഉമാഭാരതിയോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി. ക്രമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പ് 313 പ്രകാരം മൊഴി രേഖപ്പെടുത്താനാണ് കോടതി ഇവരെ വിളിച്ചു വരുത്തിയത്.

2017 മെയ് 26നാണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ മൂവരും ഇതിനു മുമ്പ് നേരിട്ടു ഹാജരായത്. സ്‌പെഷ്യല്‍ ജഡ്ജ് സുരേന്ദ്രകുമാര്‍ ആണ് ഏറെക്കാലമായി ഇഴഞ്ഞു നീങ്ങുന്ന കേസ് പരിഗണിക്കുന്നത്. ഓഗസ്റ്റ് 31ന് അകം കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ദിനംപ്രതി കേസ് പരിഗണിക്കുന്നുണ്ട്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. ഈയിടെ സുപ്രിം കോടതി ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടു നല്‍കിയിരുന്നു. കേസില്‍ 32 പ്രതികളാണ് ഉള്ളത്.

SHARE