ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിന് നാളെ പ്രധാനമന്ത്രി നരേന്ദ്രമോജി നേതൃത്വം നല്‍കാനിരിക്കെ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേര് ഏകപക്ഷീയമായി മാറ്റി ബിജെപി നേതാവ് വിജയ് ഗോയല്‍. ചൊവ്വാഴ്ച, ഒരു കൂട്ടം അനുയായികളെ സംഘടിപ്പിച്ച് അക്രമപരമായി സെന്‍ട്രല്‍ ഡെല്‍ഹിയിലെ ഹൈ-സെക്യൂരിറ്റി സോണിലെത്തിയ വിജയ് ഗോയല്‍ ബാബര്‍ റോഡിലെ ബോര്‍ഡില്‍ ആഗസ്ത് 5 മാര്‍ഗ് എന്ന പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു.
സംഘപരിവാറിന്റെ അജണ്ഡയില്‍ ആഗസ്ത് 5ന് തന്നെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടപ്പാക്കുന്നതിന്റെ ബാക്കിയെന്നോണമാണ് റോഡിന് ആഗസ്ത് 5 എന്ന് പേരും വക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന്. ഒരു വര്‍ഷം മുന്നേ കാശ്മീരിന്റെ പ്രത്യേക പദവി ബിജെപി എടുത്തുമാറ്റിയ ദിവസവും ആഗസ്ത് 5 ആയിരുന്നു.
മുഗള്‍ ഭരണാധികാരിയുടെ പേരിലുള്ള ബാബര്‍ റോഡിനെ ആഗസ്ത് 5 മാര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ഗോയല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തും നല്‍കിയതായും ഗോയല്‍ പറഞ്ഞു.

ഡല്‍ഹിയില്‍ താമസിക്കുന്ന വിജയ് ഗോയലിന്റെ വസതിയില്‍ നിന്ന് 50 യാര്‍ഡ് മാത്രം അകലെയാണ് ബാബര്‍ റോഡ് സൈന്‍ ബോര്‍ഡുള്ളത്. 30 വര്‍ഷത്തോളമായി ഔദ്യോഗികമായി ബാബറിന്റെ പേരില്‍ അറിയപ്പെടുന്ന റോഡാണിത്. എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം വരുന്നതോടെ ഡല്‍ഹിയില്‍ ഇനി ബാബര്‍ റോഡിന്റെ ആവശ്യം ഇല്ലെന്ന വാദവുമായാണ ഗോയലും സംഘവും അക്രമം കാണിച്ചത്. അതേസമയം ‘ഓഗസ്റ്റ് 5 മാര്‍ഗ്’ എന്നത് എന്റെ ഒരു നിര്‍ദ്ദേശം മാത്രമാണെന്നും ആഭ്യന്തര മന്ത്രാലയത്തിനോ എന്ഡിഎംസിക്കോ വേണമെങ്കില്‍ അവരുടെ ആഗ്രഹപ്രകാരം റോഡിന്റെ പേരുമാറ്റാമെന്നും ബിജെപി നേതാവ് പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ആഭ്യന്തര മന്ത്രി അമിത് ഷാക്ക് തന്നെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിലുമാണ് ആഗസ്ത് 5ന് രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി അയോദ്ധ്യയിലേക്ക് പോകുന്നത്.