വിവോയ്ക്ക് പകരം പതഞ്ജലി വന്നേക്കും; ഐ.പി.എല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ രാംദേവിന്റെ കമ്പനി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ചൈനീസ് കമ്പനിയായ വിവോയ്ക്ക് പകരം ബാബാ രാംദേവിന്റെ പതഞ്ജലി വന്നേക്കും. പതഞ്ജലി വക്താവ് എസ്.കെ തിജാരവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഈ വര്‍ഷം ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ ഞങ്ങള്‍ പരിഗണിക്കുന്നു. പതഞ്ജലിയെ ആഗോള ബ്രാന്‍ഡായി അവതരിപ്പിക്കുകയാണ് ലക്ഷ്യം’ – എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ചൈനീസ് വിരുദ്ധ വികാരത്തിന്റെ പേരില്‍ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കിയ വിവോയ്ക്ക് പകരം, ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നിവരെയെല്ലാം ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. എല്ലാവരുമായും ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്.

വിവോ അടുത്ത വര്‍ഷം സ്‌പോണ്‍സര്‍മാരായി തിരിച്ചെത്തുമെന്നാണ് സൂചന. ബി.സി.സി.ഐയുമായി ഉണ്ടാക്കിയ അഞ്ചു വര്‍ഷത്തെ കരാര്‍ പ്രകാരം ഒരു വര്‍ഷം 440 കോടി രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ വിവോ നല്‍കുക. വിവോ പിന്മാറിയ സാചര്യത്തില്‍ പരസ്യദാതാക്കള്‍ക്ക് അമ്പത് ശതമാനം വരെ ഇളവ് ബി.സി.സി.ഐ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്തു വരെ യു.എ.ഇയിലാണ് ഇത്തവണത്തെ ഐ.പി.എല്‍. കോവിഡ് മഹാമാരി മൂലമാണ് കുട്ടിക്രിക്കറ്റ് പൂരം ഇന്ത്യയില്‍ നിന്ന് അറബ് രാഷ്ട്രത്തേക്ക് മാറ്റിയത്. ടൂര്‍ണമെന്റ് നടത്താന്‍ ബി.സി.സി.ഐക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതി കിട്ടിയിട്ടുണ്ട്.

ഷാര്‍ജ, ദുബായ്, അബുദാബി എന്നീ മൂന്നു വേദികളിലായിട്ടാകും മത്സരങ്ങള്‍. ഇവിടങ്ങളില്‍ പരിമിതമായ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷ.

SHARE